സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ടു; പരിസ്ഥിതി ആഘാത പഠനവും പൊളിച്ചു നീക്കേണ്ട കെട്ടിടങ്ങളുടെ പട്ടികയും റിപ്പോര്‍ട്ടില്‍

silver line

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ  സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആറ് വാല്യങ്ങളിലായി 3776 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. നിയമസഭ വെബ്‌സൈറ്റിലും ഡിപിആര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് എന്നിവ ഡിപിആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മേഖലയായി തരംതിരിച്ചുകൊണ്ടാണ് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഡിപിആർ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കും.

പദ്ധതി സ്റ്റാന്റേര്‍ഡ് ഗേജ് ആയി തീരുമാനിച്ചിരിക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡം കണക്കിലെടുത്താണ്. 2025ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. പ്രതിദിനം 54,000 യാത്രക്കാരുണ്ടാകുമെന്നും ഡിപിആറിന്റെ ട്രാഫിക് പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ ഒരുക്കും. ട്രക്കുകള്‍ കൊണ്ടുപോകാന്‍ കൊങ്കണ്‍ മാതൃകയില്‍ റോ-റോ സര്‍വീസ് ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളവുമായി റെയില്‍വെപ്പാത ബന്ധിപ്പിക്കുമെന്നും ഡിപിആറില്‍ പറയുന്നു.

പദ്ധതിക്കായി സ്ഥലവും വീടും നഷ്ടപ്പെടുന്നവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരം നടത്തുന്നുണ്ട്. സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചെങ്കിലും സമരങ്ങൾ തുടരുകയാണ്. ഡിപിആർ വന്നതോടെ ഇതിലെ വിവരങ്ങൾ സമരങ്ങളിലെ മുഖ്യവിഷയമായി മാറിയേക്കും.