കൊച്ചിയില്‍ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി, റോഡ് പുഴയായി; രണ്ടുദിവസം വെള്ളം മുടങ്ങും

kochi pippe line

കൊച്ചി: കൊച്ചി തമ്മനത്ത് കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി. ആലുവയില്‍ നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനാണ് പൊട്ടിയത്. ഒരു മണിക്കൂറിലേറെ കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ റോഡ് തകര്‍ന്നു. സമീപത്തെ കടകളിലും വെള്ളം കയറി.

ഇന്നു രാവിലെ  10.30 ഓടെയാണ് സംഭവം. കുത്തുപ്പാടി പമ്പ് ഹൗസിലേക്കുള്ള പൈപ്പ് ആണ് പൊട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനുകളാണിത്. കൃത്യമായ സമയത്ത് അറ്റകുറ്റപ്പണി നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അതേസമയം, വെണ്ണല, പാലാരിവട്ടം, കാരണക്കോടം, തമ്മനം എന്നീ പ്രദേശങ്ങളില്‍ രണ്ട് ദിവസത്തേക്ക് വെള്ളമുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. പൈപ്പ് പൊട്ടിയതോടെ നിലവില്‍ തമ്മനം, പുല്ലേപ്പടി, പാലാരിവട്ടം ഭാഗത്തേക്കുള്ള പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഇത് ഒഴിവാക്കി ഈ പ്രദേശത്തെ മാത്രം ജലവിതരണം നിര്‍ത്തിവെക്കാന്‍ ഉള്ള നടപടികള്‍ സാധ്യമാണോ എന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. അതിനിടെ പൈപ്പ് ലൈന്‍ പൊട്ടിയ തമ്മനം റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു.