ദത്ത് വിവാദം: ഡിഎൻഎ പരിശോധന പ്രത്യേകം നടത്തുന്നത് വിശ്വാസയോഗ്യമല്ലെന്ന് അനുപമ

anupama

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിവാദത്തില്‍ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിൻ്റെ സാമ്പിൾ ഉടൻ ശേഖരിക്കും. രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലാണ് പരിശോധിക്കുക. ജില്ലാ ശിശു സംരക്ഷണ ഓഫിസർ പാളയത്തെ നിർമല ശിശു ഭവനിൽ എത്തിയിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലെ ഉദ്യോഗസ്ഥരും ശിശു ഭവനിലെത്തിയിട്ടുണ്ട്.

അതേസമയം, തൻ്റെയും കുഞ്ഞിൻ്റെയും ഡിഎൻഎ പരിശോധന ഒന്നിച്ച് നടത്തണമെന്ന് അനുപമ ആവശ്യപ്പെട്ടു. ഡിഎൻഎ പരിശോധന പ്രത്യേകം നടത്തുന്നത് വിശ്വാസയോഗ്യമല്ല. പരിശോധനയ്ക്ക് മുമ്പ് തനിക്ക് കുഞ്ഞിനെ കാണണമെന്നും അധികൃതർ ഡിഎൻഎ പരിശോധന വൈകിപ്പിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു.

ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെത്തിച്ചത്. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പോലീസുകാരും അടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. തിരുവനന്തപുരം പാളയത്തുള്ള ശിശുഭവനിലാണ് കുഞ്ഞുള്ളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഇന്ന് വൈദ്യപരിശോധന നടത്തും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് പരിശോധന നടത്തുക.