ലൈഫ് മിഷന്‍ കോഴക്കേസ്: 11 മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ; സിഎം രവീന്ദ്രനെ ഇ.ഡി വിട്ടയച്ചു

cm raveendran life mission
 

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടു മണിയോടെയാണ് ഇ.ഡി അവസാനിപ്പിച്ചത്.  


ഫെബ്രുവരി 27ന് ഹാജരാകണമെന്ന് ഇ.ഡി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അന്ന് സി എം രവീന്ദ്രന്‍ എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ല എന്നായിരുന്നു ഇ.ഡിക്ക് മറുപടി നല്‍കിയത്. തുടര്‍ന്നാണ് രണ്ടാം തവണയും സിഎം രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയത്.


വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നത്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ചാറ്റുകൾ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി പരിചയമുണ്ടായിരുന്നോ, സർക്കാർ തലത്തിൽ സഹായങ്ങൾ ചെയ്തിട്ടുണ്ടോ എന്നിവ അറിയുന്നതിന്‍റെ ഭാഗമായാണ് ചോദ്യംചെയ്തത്.
 
 
അതേസമയം ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ലൈഫ് മിഷന് ഇ ഡി്കത്ത് അയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്.