എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ഇ.പി.ജയരാജൻ പങ്കെടുക്കും; തൃശൂരിൽ പ്രസംഗിക്കും

ep jayarajan
 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’യിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പങ്കെടുക്കും.  ശനിയാഴ്ച തൃശൂരിൽ യാത്രയിൽ ഇപി പ്രസംഗിക്കും.  ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇപി എത്താത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇ.പി.ജയരാജൻ രാവിലെ തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്ക് തിരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഇ.പി.ജയരാജൻ ചോദ്യത്തിനു മറുപടിയായി രാവിലെ വ്യക്തമാക്കിയിരുന്നു.

‘ഞാൻ ജാഥയിൽ അംഗമല്ല. എന്തു കൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ പ്രസക്തമല്ല. എന്നെ ടാർഗറ്റ് ചെയ്യുന്ന മാധ്യമങ്ങളുണ്ട്. അതിന് ചിലർ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. അവർക്ക് ചിലർ ഉപദേശവും നിർദേശങ്ങളും കൊടുക്കുന്നുണ്ട്. അതനുസരിച്ച് ചില മാധ്യമങ്ങൾ വാർത്ത മെനഞ്ഞെടുക്കുന്നുണ്ട്. നിങ്ങൾ മെനഞ്ഞെടുത്താലും പ്രസിദ്ധീകരിച്ചാലും എനിക്ക് ഒരു പ്രശ്നവുമില്ല. എല്ലാവരും പ്രതിരോധ ജാഥയുടെ ഭാഗമാണ്. എല്ലാവരും ജാഥയിൽ പങ്കെടുത്തേ മതിയാകൂ. ജാഥയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല.’– ഇ.പി.ജയരാജൻ പറഞ്ഞു. 

റിസോര്‍ട്ട് വിവാദം പാര്‍ട്ടി വേദിയിൽ പരാതിയായതിലും പൊതുസമൂഹമറിയും വിധം വാര്‍ത്തയായതിലും ഇ പി ജയരാജന്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. വിവരം ചോര്‍ത്തുന്നതിന് പിന്നിൽ പോലും ഗൂഢാലോചനയുണ്ടെന്നാണ് ഇപിയുടെ വാദം. പിന്നിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതിലെ പ്രതിഷേധമാണ് എം വി ഗോവിന്ദനോടും ജനകീയ പ്രതിരോധ ജാഥയോടുമുള്ള നിസ്സഹകരണത്തിന് പിന്നിലെന്നായിരുന്നും സൂചനങ്ങള്‍. അവയ്‍ലബില്‍ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ഇപി പക്ഷെ എന്ന് ജാഥയിൽ അണിചേരും എന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, സിപിഎമ്മിന്‍റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഇ പി ജയരാജൻ ഇന്ന് വ്യക്തമാക്കിയിരുന്നു. 


ഫെബ്രുവരി 20 മുതല്‍ മാർച്ച് 18 വരെയാണ് ജാഥ. കാസർകോട്ടുനിന്നു ആരംഭിച്ച ജാഥ തിരുവനന്തപുരത്താണ് സമാപിക്കുന്നത്.