അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെ ദരിദ്രരെ മുഖ്യധാരയിലേക്കുയര്‍ത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

mv govindan master

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ ഉഴറുന്ന കുംബങ്ങളെ കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന വിപുലമായ സര്‍വ്വെ നാലരമാസം കൊണ്ട് പൂര്‍ത്തിയാക്കി പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തില്‍ നിലവിലുള്ള അതി ദരിദ്രകുടുംബങ്ങളെ കണ്ടെത്തുവാനും അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുമുള്ള അതിദാരിദ്ര്യ നിവാരണ യജ്ഞത്തിന് വേണ്ടിയുള്ള മാര്‍ഗരേഖ മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നോഡല്‍ ഓഫീസറെ മന്ത്രിസഭായോഗം നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ ഏകോപിപ്പിച്ച് ആരംഭിച്ച ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ഉപപദ്ധതിയിലും തുടര്‍ന്ന് രൂപംകൊണ്ട കുടുംബശ്രീയിലും അവര്‍ ആവിഷ്‌കരിച്ച അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനായുള്ള ആശ്രയ പദ്ധതിയിലുമൊക്കെ ഉള്‍പ്പെടാത്തവരും കരുതലും കൈത്താങ്ങും ആവശ്യമുള്ളതുമായ കുടുംബങ്ങളെ കണ്ടെത്തുവാന്‍ അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ഇപ്പോള്‍ നടത്തുന്ന സര്‍വ്വെയിലൂടെ സാധിക്കും. അതി ദാദിദ്ര്യത്തിലുഴറുന്നവരെ കണ്ടെത്താനുള്ള മൈക്രോപ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. പൈലറ്റ് സര്‍വ്വെ നടത്തി പിഴവുകള്‍ പരിഹരിച്ചാണ് വിപുലമായ സര്‍വ്വെയിലേക്ക് സര്‍ക്കാര്‍ പോവുക. പങ്കാളിത്ത രീതിയില്‍ ഉപഭോക്താക്കളെ കണ്ടെത്തുന്ന രീതിയാണ് അവലംബിക്കുക. സംസ്ഥാനതലത്തില്‍ സര്‍വ്വേ എകോപിപ്പിക്കുന്നതിനും പദ്ധതി ക്ഷമത മോണിറ്റര്‍ ചെയ്യുന്നതിനും നോഡല്‍ ഓഫീസര്‍ നേതൃത്വം നല്‍കുന്ന സമിതി ഉണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡു തലത്തിലും ഏകോപന സമിതികള്‍ ഉണ്ടാവും. സര്‍വ്വേയുടെ നടത്തിപ്പിന് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും മൊബൈല്‍ ആപ്പും ഉപയോഗിക്കും. ഓരോ പ്രദേശത്തെയും അതി ദാരിദ്ര്യ വിഭാഗത്തിലുള്ളവരെ അതാത് ഗ്രാമ, വാര്‍ഡ് സഭകള്‍ അംഗീകരിച്ചതിന് ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയെന്ന് മന്ത്രി വിശദീകരിച്ചു.

ജനപങ്കാളിത്തത്തോടെ തയ്യാറാക്കുന്ന മുന്‍ഗണനാ ലിസ്റ്റില്‍ അര്‍ഹതയുള്ളവര്‍ മാത്രമേ ഉള്ളു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. തീര്‍ത്തും യാന്ത്രികമായ ഒരു തെരഞ്ഞെടുപ്പിന് പകരം വിശാലമായ തലത്തില്‍ കുടുംബങ്ങളെയും ജീവിതങ്ങളെയും പരിഗണിച്ചാവും ഉപഭോക്തൃലിസ്റ്റും പരിഹാര പ്രക്രിയകളും ഉണ്ടാവുക. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം പാര്‍പ്പിടം ആരോഗ്യം അതിജീവനത്തിനുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളിലൂന്നിയുള്ള മാനദണ്ഡങ്ങളിലൂടെയാവും അതി ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ തിട്ടപ്പെടുത്തുക. അറുപത് വയസുകഴിഞ്ഞ വയോധികരുള്ള കുടുംബങ്ങള്‍, ഒരു വരുമാനവും ഇല്ലാത്തവര്‍, ഗുരുതരമായ രോഗങ്ങള്‍ പിടിപെട്ട കിടപ്പുരോഗികളുള്ള കുടുംബങ്ങള്‍, അനാഥരായ കുട്ടികളുള്ള കുടുംബങ്ങള്‍, ഭിന്നശേഷി വ്യക്തിത്വങ്ങളുള്ള പ്രത്യേക വരുമാനമില്ലാത്ത കുടുംബങ്ങള്‍, കേരളത്തില്‍ സ്ഥിരതാമസമാക്കിയ വരുമാനമില്ലാത്ത അതിഥി തൊഴിലാളി കുടുംബങ്ങള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള, ദാരിദ്ര്യത്താല്‍ വിഷമിക്കുന്നവരെ കണ്ടെത്തി അവരുടെ ജീവിതത്തെ കരുത്തുറ്റതാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയിലൂടെ സാധിക്കും. പട്ടികജാതി-പട്ടിവര്‍ഗ, മത്സ്യ തൊഴിലാളി, നഗര പ്രദേശങ്ങളിലെ ദരിദ്രര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന സര്‍വ്വേയിലുണ്ടാവുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

പരമ ദാരിദ്ര്യാവസ്ഥയിലുള്ള കുടുംബങ്ങളെ ഓരോന്നായെടുത്ത് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കി അവ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുക. അതിനായി വരുന്ന ചിലവും എന്തൊക്കെയാണ് ആവശ്യങ്ങളെന്നുള്ളതും സംബന്ധിച്ച് വിശദമായ സൂക്ഷ്മതല ആസൂത്രണ രേഖ തയ്യാറാക്കും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട നിലവിലുള്ള സ്‌കീമുകളും പുതുതായി ആവശ്യമുള്ള സ്‌കീമുകളുമൊക്കെ സംയോജിപ്പിച്ചുകൊണ്ട് യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ കുതിക്കും മന്ത്രി കൂട്ടിചേര്‍ത്തു.

നമ്മുടെ ചുറ്റുപാടിലുള്ള ചില കുടുംബങ്ങള്‍ക്ക് ജോലി ചെയ്യാനും വരുമാനം ആര്‍ജ്ജിക്കാനും സാധിക്കാത്ത അവസ്ഥയുണ്ടാവും. അത്തരത്തിലുള്ളവര്‍ക്ക് മാസം തോറും സഹായം ലഭ്യമാക്കേണ്ടി വരും. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തും. അഞ്ചുവര്‍ഷം കൊണ്ട് ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നും ഇവരെ പൂര്‍ണ്ണമായി മോചിപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത് ജനപക്ഷ ബദല്‍ വികസനത്തിന്റെ മറ്റൊരു മുന്നേറ്റമാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.