×

തീരദേശ വിദ്യാര്‍ത്ഥികള്‍ക്കായി 'തീരം' പദ്ധതിയുമായി ഇസാഫ് ഫൗണ്ടേഷന്‍

google news
.

തൃശൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളും ഇസാഫ് ഫൗണ്ടേഷനും ചേര്‍ന്ന് കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരദേശത്തുള്ള ഇരുപത്തിയഞ്ചോളം സ്‌കൂളുകളില്‍ തീരം- ലൈഫ് സ്‌കില്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികളില്‍ ലഹരി വസ്തുക്കളുടെ ഉപഭോഗത്തിനെതിരെ അവബോധം വളര്‍ത്തുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.എക്‌സൈസ് വിമുക്തി മിഷനാണ് നടത്തിപ്പ് ചുമതല.ഓരോ ജില്ലകളിലെയും 5 തീരദേശ സ്‌കൂളുകളില്‍ രണ്ട് സെഷനുകളായാണ് പരിശീലനം നല്‍കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സരിത രവീന്ദ്രന്‍ നിര്‍വഹിച്ചു.ഇസാഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് സാമുവല്‍ മുഖ്യാതിഥിയായി.തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അനിത അധ്യക്ഷത വഹിച്ചു.ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് ഈ പരിശീലന പദ്ധതി.

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ പി.കെ സതീഷ് ലഹരി വിരുദ്ധ സന്ദേശം നല്‍കി.ഇസാഫ് ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ മെറീന ജോസഫൈന്‍, അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടര്‍ പി. ഡി. ലിസി, വലപ്പാട് എ ഇ ഒ മറിയം. എം. എ, തളിക്കുളം ജി വി എച്ച് എസ് ഹെഡ്മിസ്ട്രസ് കെ. വി. ഫാത്തിമ, പി ടി എ പ്രസിഡന്റ് പ്രിന്‍സ് മദന്‍, പരിസ്ഥിതി ക്ലബ് കോഡിനേറ്റര്‍ കെ. എല്‍. മനോഹിത്ത്, വിമുക്തി ജില്ലാ കോഡിനേറ്റര്‍ കെ. വൈ. ഷഫീഖ് എന്നിവര്‍ സംസാരിച്ചു.