ഇ-സമൃദ്ധ പദ്ധതി മൃഗ സംരക്ഷണത്തിൽ സമഗ്രമായ മാറ്റങ്ങൾക്ക് വഴിവയ്ക്കും: മന്ത്രി ജെ. ചിഞ്ചുറാണി

ul

തിരുവനന്തപുരം; മൃഗസംരക്ഷണ വകുപ്പിന്റെ പൂർണ്ണമായ ഡിജിറ്റൽവത്ക്കരണം ലക്ഷ്യംവെച്ച്  ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്ന ഇ-സമൃദ്ധ പദ്ധതിയിലൂടെ പാൽ ഉൽപ്പാദന ശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്ക്  വർദ്ധിപ്പിക്കാനും കന്നുകാലികളിൽ രോഗ നിർണയം നടത്താനും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും കേരളത്തിലെ തനത് പശുക്കളെ സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാനുമാകുമെന്ന് മൃഗ സംരക്ഷണം - ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
 

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പും കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ധാരണാപത്രം കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.പദ്ധതിയുടെ ഭാഗമായി അതിസൂക്ഷ്മമായ ഇലക്ട്രോണിക് ചിപ്പ്  റേഡിയോ ഫ്രീക്വൻസി ഐഡന്റിറ്റി ഫിക്കേഷൻ ഡിവൈസ് (ആർ.എഫ്.ഐ.ഡി) മൃഗങ്ങളുടെ ചെവിക്കു താഴെ ഘടിപ്പിക്കും. ഇപ്രകാരം ടാഗു ചെയ്ത മൃഗങ്ങളുടെ ഉത്പാദനശേഷിയും ആരോഗ്യവും ഉടമസ്ഥരുടെ വിവരങ്ങളും ഉൾപ്പെട്ട സമഗ്രമായ ഒരു ഡാറ്റാബേസ് ഇ-സമൃദ്ധ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
റീബിൽഡ് കേരള പദ്ധതി വഴി ലഭ്യമായ 7.2 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പത്തനംതിട്ടയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്.

 

ഇന്ത്യയിലാദ്യമായി  പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി  ജില്ലയിലെ എഴുപത്തി അയ്യായിരത്തോളം കന്നുകാലികളെ ചിപ്പ് ഉപയോഗിച്ച് ഡിജിറ്റൽ ടാഗ് ചെയ്ത ഡാറ്റാബേസ് നിർമ്മിക്കും. കാർഡ് റീഡറോ സ്മാർട്ട് ഫോണോ ഉപയോഗിച്ച് ടാഗ് ചെയ്ത ഓരോ മൃഗത്തിന്റേയും വിശദാംശങ്ങൾ കർഷകർക്കും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കും ഡിജിറ്റലായി  ലഭ്യമാകും. ഇതിലൂടെ  വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ചിട്ടപ്പെടുത്തുന്നതിനും പുതിയതും  സങ്കീർണവുമായ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉൽപ്പാദനശേഷിയും പ്രതിരോധശേഷിയും കൂടുതലുള്ള കന്നുകാലികളെ കണ്ടെത്തി കൃത്രിമ ബീജസങ്കലനത്തിലൂടെ പാൽ ഉത്പാദനം കൂട്ടി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും  സാധിക്കും.സംസ്ഥാനത്ത് ഓരോ ബ്ലോക്കിലും വെറ്ററിനറി ആംബുലൻസ് സംവിധാനം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.