×

സ്വർണക്കള്ളക്കടത്ത് ഏത് ഓഫിസ് കേന്ദ്രീകരിച്ചെന്ന് എല്ലാവർക്കും അറിയാം: കേന്ദ്രം നൽകുന്ന പണത്തിന്റെ കണക്ക് ചോദിക്കരുതെന്നാണ് നയം

google news
.

തൃശൂർ∙ നിരവധി ഉന്നത സ്ത്രീകൾക്ക് ജന്മം നൽകിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തൃശൂരിൽ ‘സ്ത്രിശക്തി മോദിക്കൊപ്പം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.

‘‘കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ ഇത്രയും അധികം സ്ത്രീകൾ എന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ സന്തോഷമുണ്ട്. കാശിയുടെ പാർലമെന്റ് അംഗമാണ് ഞാൻ. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെനിന്നും വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നു.

കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാടാണ് കേരളം. കാർത്യായനി അമ്മ, ഭഗീരഥിയമ്മ തുടങ്ങി നിരവധിപ്പേർക്ക് ജന്മം നൽകിയ നാടാണ് കേരളം. ആദിവാസി നഞ്ചിയമ്മ, അവർ അദ്ഭുത കലാകാരിയാണ്. അവർ ദേശീയ അവാർഡ് വരെ നേടി. പി.ടി. ഉഷയെപ്പോലെയുള്ളവരെയും സൃഷ്ടിച്ച നാടാണ് കേരളം.

ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് മോദിയുടെ ഗ്യാരന്റിയെക്കുറിച്ചാണ്. ലോക്സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് സംവരണം നൽകുന്നത് തീരുമാനമെടുക്കാതെ വച്ചു. എന്നാൽ ഈ സർക്കാർ അതിൽ തീരുമാനമെടുത്തു. നാരീശക്തി നിയമമാക്കി. മുത്തലാഖ് മൂലം മു‌സ്‌ലിം സ്ത്രീകൾ ബുദ്ധിമുട്ടി. അതിൽനിന്ന് അവരെ മോചിപ്പിക്കാൻ ബിജെപി സർക്കാരിനായി.

ഈ നാട്ടിലെ ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരുെട പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ലക്ഷ്യം വയ്ക്കുന്നത്’’ – മോദി

നിങ്ങളുടെ അടുത്ത് മോദിയുടെ ഗ്യാരന്റി’ എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ട് ബിജെപി സർക്കാർ ചെയ്ത കാര്യങ്ങളും അദ്ദേഹം വിവരിച്ചു. ‘‘പത്ത് വർഷത്തിനിടെ സ്ത്രീകളുടെ ജീവിതം സുഗമമാക്കാൻ നിരവധി കാര്യങ്ങൾ ചെയ്തു. 10 കോടി കുടുംബങ്ങൾക്ക് ഗ്യാസ് കണക്‌ഷൻ നൽകി എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി.

11 കോടി കുടുംബങ്ങൾക്ക‌ു കുടിവെള്ളം നൽകി. എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി, കോടിക്കണക്കിനുപേർക്ക് ബാങ്ക് അക്കൗണ്ട്, സ്ത്രീകളുടെ പ്രസവാവധി വർധിപ്പിച്ചു, സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്കു പ്രവേശനം സാധ്യമാക്കി. ലോക്സഭയിലും നിയമസഭയിലും സംവരണം ഉറപ്പാക്കി, എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി. അമ്മമാർക്കും പെൺകുട്ടികൾക്കും അവസരങ്ങളുടെ കലവറ തുറന്നിറക്കിയിരിക്കയാണ്. 

പ്രധാനമന്ത്രി വിശ്വകർമ യോജനയിലൂടെ നിരവധിപ്പേർക്ക് പരിശീലനം നൽകും. കച്ചവടക്കാരായ സ്ത്രീകൾക്ക് സഹായം ലഭിക്കും. 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭിക്കും. ഇതിനെല്ലാം ഉറപ്പ് മോദിയുടെ ഉറപ്പാണ്. 

ലോകം നിരവധി വേദനകളിലൂടെ കടന്നുപോകുകയാണ്, കൊറോണ, യുക്രെയ്ൻ, ഗാസ എന്നീ പ്രശ്നങ്ങൾ നമ്മൾ കണ്ടു. എത്ര വലിയ പ്രശ്നമായാലും ബിജെപി സർക്കാർ ഇവിടെ നിന്നെല്ലാം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇറാഖിൽനിന്ന് നഴ്സുമാരെ തിരിച്ചെത്തിച്ചത് ബിജെപി സർക്കാരാണ്.

കോൺഗ്രസിന്റ‌േതുപോലെ ദുർബല സർക്കാർ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു. ലോകത്ത് എത്ര വലിയ പ്രശ്നത്തിൽപ്പെട്ടാലും ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഈ സർക്കാരിനാകും. 

കോൺഗ്രസും ഇടതുപക്ഷവും വഞ്ചനയുടെ നാടകം കളിക്കുകയാണ്. ഇപ്പോൾ അവർ ഇന്ത്യ മുന്നണി ഉണ്ടാക്കി അവരുടെ ആശയങ്ങളും നയങ്ങളും ഒരു വ്യത്യാസവുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനം സാധ്യമാകണമെങ്കിൽ ബിജെപി വരണം. ബിജെപി സർക്കാർ സംസ്ഥാനങ്ങളുടെ വികസത്തിലൂടെ രാജ്യത്ത് വികസനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പുതിയ റെയിൽവേ, വിമാനത്താവളങ്ങൾ എല്ലാം നിർമ്മിക്കുന്നു. എന്നാൽ ഇന്ത്യ മുന്നണി മോദി വിരോധത്താൽ ഒന്നും നടത്തുന്നില്ല. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രം നൽകുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്നാണ് നയം. കണക്ക് ചോദിച്ചാൽ കേന്ദ്ര പദ്ധതികൾക്കടക്കം തടസം സൃഷ്ടിക്കുന്നു.

ഇന്ത്യ മുന്നണി വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. തൃശൂർ പൂരം സംബന്ധിച്ചുപോലും രാഷ്ട്രീയക്കളിയാണ് നടക്കുന്നത്. ശബരിമലയിലെ കുത്തഴിഞ്ഞ അവസ്ഥ ഏറെ വിഷമമുണ്ടാക്കി. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മയാണ് ഇതെല്ലാം തെളിയിക്കുന്നത്. എല്ലാവരുടെയും വിശ്വാസങ്ങളെയും ബിജെപി ആദരിക്കുന്നു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, ക്രൈസ്തവർക്ക് വലിയ ജനസംഖ്യ ഉള്ള സംസ്ഥാനങ്ങളിൽ പോലും അതുകൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാർക്കും പണ്ഡിതൻമാർക്കും ക്രിസ്മസിനോട് അനുബന്ധിച്ച് വിരുന്ന് നൽകാൻ സാധിച്ചു. മതമേലധ്യക്ഷൻമാർ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചു. അവർ എന്നെ അനുഗ്രഹിച്ചു’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

also read അമ്മമാരെ, സഹോദരിമാരെ: മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി