സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പങ്കാളികളെ കൈമാറ്റം; കോട്ടയത്ത് ഏഴ് പേർ പിടിയിൽ

wife swapping case

കോട്ടയം: സോഷ്യൽ മീഡിയ വഴിപങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം പിടിയില്‍. കോട്ടയം കറുകച്ചാലിൽ വച്ചാണ് സംഘം പോലീസിൻ്റെ പിടിയിലായത്. മൂന്ന് ജില്ലകളില്‍ നിന്നായി ഏഴുപേര്‍ പിടിയിലായതായി സൂചന. പിടിയിലായത് ആലപ്പുഴ, കോട്ടയം, എറണാകുളം സ്വദേശികള്‍. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു പ്രവര്‍ത്തനം.

ചങ്ങനാശ്ശേരി സ്വദേശിനി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍‌ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.

കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്.ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. വലിയ തോതിലാണ് ​ഗ്രൂപ്പ് വഴി പങ്കാളികളെ കൈമാറിയിരുന്നത്. ഇതിനൊപ്പം വലിയ രീതിയിൽ പണമിടപാടും നടത്തിയിരുന്നു. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. വലിയ സംഘമാണ് ഇതിന് പിന്നിലുള്ളതെന്ന് പോലീസ് പറഞ്ഞു. 25 ഓളം പേര്‍ പോലീസിന്‍റെ നിരീക്ഷണത്തിലാണ്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പോലീസ് നീക്കം.