മിക്സച്ചർ കുടുങ്ങി കുഞ്ഞ് മരിച്ചത്​ ചികിത്സാപിഴവെന്ന്​ കുടുംബം; നിഷേധിച്ച് ആശുപത്രി അധികൃതർ

hospital

തിരുവനന്തപുരം: തൊണ്ടയിൽ മിക്സച്ചർ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുഞ്ഞിനെ എത്തിച്ച ശാന്തിവിള താലൂക്ക് ആശുപത്രി അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകിയില്ലെന്ന്​ മരിച്ച കുഞ്ഞിന്‍റെ അച്ഛൻ രാജേഷ് ആരോപിച്ചു. പ്രാഥമിക ശുശ്രൂഷ പോലും നൽകാതെയാണ്​ താലൂക്ക് ആശുപത്രി അധികൃതർ എസ്എടി ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്ന്​ രാജേഷ് പറഞ്ഞു. 

ആശുപത്രിയിൽ '108' ആംബുലൻസ് ഉണ്ടായിട്ടും പുറത്ത് നിന്ന് വിളിക്കാൻ പറഞ്ഞുവെന്നും രാജേഷ് ആരോപിച്ചു. എന്നാൽ നഴ്സുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചതെന്ന് സൂപ്രണ്ട് പറഞ്ഞു. ആശുപത്രിക്ക് സ്വന്തമായി ആംബുലൻസ് ഇല്ലെന്നും '108' ആംബുലൻസ് ആശുപത്രിയിൽ പാർക്ക് ചെയ്യുന്നത് മാത്രമാണെന്നും സൂപ്രണ്ട്​ വ്യക്​തമാക്കി.

കൃത്യമായ ചികിത്സ നൽകിയില്ലെന്ന ആരോപണങ്ങൾ ശാന്തിവിള താലൂക്ക് ആശുപത്രി അധിക‍ൃതർ നിഷേധിച്ചു. ശ്വാസതടസം പരിഹരിക്കാനുള്ള ശുശ്രൂഷകൾ നൽകിയ ശേഷമാണ് എസ്എടി ആശുപത്രിയിലേക്ക് അയച്ചത്. 

കഴിഞ്ഞ ഞായറാഴ്ചയാണ് ആറുവയസ്സുകാരി നിവേദിത തൊണ്ടയിൽ മിക്സചർ കുടുങ്ങി മരിച്ചത്. സംഭവത്തിൽ നേമം പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്.