തലശ്ശേരി ഫസൽ വധക്കേസ്: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിബിഐ

 തലശ്ശേരി ഫസൽ വധക്കേസ്
 

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസിനെതിരെ കള്ളമൊഴി രേഖപ്പെടുത്തിയതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. ഡി.വൈ.എസ്.പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സി.ഐ കെ.പി സുരേഷ് ബാബുവിനെതിരെ നടപടി എടുക്കണമെന്നും നിര്‍ദേശമുണ്ട്.

ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സുബീഷിന്റെ മൊഴിയിലൂടെ സ്ഥാപിക്കാൻ ഡിവൈഎസ്പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം, സിഐ കെപി സുരേഷ് ബാബു എന്നിവർ ശ്രമിച്ചു. വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. 

ഇതിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസൽ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സിബിഐ വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും കോടതിയെ സിബിഐ അറിയിച്ചിട്ടുണ്ട്.

ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് മറ്റൊരു കേസിലെ പ്രതിയായ സുബീഷിനെകൊണ്ട് മൊഴി നല്‍കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതുടര്‍ന്ന് കേസില്‍ ഹൈക്കോടതി തുടരന്വേഷണം നിര്‍ദേശിക്കുകയും ചെയ്തു. തുടരന്വേഷണം നടത്തിയ സി.ബി.ഐ ആര്‍.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന വാദം തള്ളി. കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവര്‍ തന്നെയാണ് കേസിലെ പ്രതികളെന്ന് സി.ബി.ഐ വ്യക്തമാക്കുകയും ചെയ്തു. ആ റിപ്പോര്‍ട്ടിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സുബീഷിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുൻപ് തന്നെ സിപിഐഎം അനുകൂല സാമൂഹിക മാധ്യമങ്ങളിൽ കൊലപാതകത്തിന് പിന്നിൽ സുബീഷാണ് എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് ശേഷമാണ് വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസിൽ പുതിയ തെളിവുകളില്ലെന്നും നിലവിലുള്ളവർ തന്നെയാണ് പ്രതികളെന്നും റിപ്പോർട്ടിൽ പറയുന്നു.