നഗരസഞ്ചയങ്ങൾക്കുള്ള പഞ്ചവത്സര പദ്ധതി നഗരവികസനത്തിന്റെ മുഖച്ഛായ മാറ്റും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan.
 

തിരുവനന്തപുരം : പത്ത് ലക്ഷത്തില്‍പ്പരം ജനസംഖ്യയുള്ള സംസ്ഥാനത്തെ ഏഴ് നഗരസഞ്ചയങ്ങളില്‍  പഞ്ചവത്സര പദ്ധതി തയ്യാറാക്കി പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് വിനിയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രസ്തുത നഗരങ്ങളുടെ മുഖച്ഛായ മാറുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്തെ പത്ത് ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ഏഴ് നഗരസഞ്ചയങ്ങള്‍ക്ക് അഞ്ച് വര്‍ഷ കാലയളവില്‍ 1402 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കോര്‍പ്പറേഷനോ, മുനിസിപ്പിലാറ്റിയോ അതിനോട് തൊട്ടുകിടക്കുന്ന നഗര സ്വഭാവമുള്ള പ്രദേശങ്ങളോ ചേര്‍ന്നതാണ് നഗര സഞ്ചയങ്ങള്‍. സംസ്ഥാനത്ത് പത്ത് ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗര സഞ്ചയങ്ങള്‍ തിരുവന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിക്കുന്നതിനും പഞ്ചവത്സര പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതിനും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ അവലംബിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. കുടിവെള്ളം ശുചിത്വം ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. മലിന ജലത്തിന്റെ പുനചംക്രമണവും പുനരുപയോഗവും ജലാശയങ്ങളുടെ പുനരുജ്ജീവനം മഴവെള്ളക്കൊയ്ത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ സേവന നിലവാരം മെച്ചപ്പെടുന്നുണ്ടെന്നുള്ളത് നിശ്ചിത സമയത്തിനുള്ളില്‍ ഉറപ്പുവരുത്തണമെന്നും ഇല്ലെങ്കില്‍ വിഹിതം ലഭിക്കില്ലെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

മാലിന്യം വലിച്ചെറിയുന്നതും പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തില്‍ മാലിന്യ നിക്ഷേപം നടത്തുന്നതും പൂര്‍ണമായും അവസാനിപ്പിക്കണം. മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പ്രഥമ പരിഗണന നല്‍കണം. ഉറവിടത്തില്‍ മാലിന്യ സംസ്‌കരണമടക്കമുള്ള ബദല്‍ മാലിന്യ സംസ്‌കരണ രീതികള്‍ നടപ്പിലാക്കുകയും ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധത്തില്‍ മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ നവീകരിക്കേണ്ടതുമാണെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള വിതരണം ഇല്ലാത്ത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയും മലിനജലം പുനചംക്രമണം ചെയ്ത് പുനരുപയോഗിക്കുന്നതിനുള്ള പദ്ധതികളും ഒരേക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള മൂന്ന് ജലാശയങ്ങളെങ്കിലും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതിയും നിര്‍ബന്ധമായും ഏറ്റെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിക്കുന്നതിനും പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിനും ജില്ലാ ആസൂത്രണ സമിതികള്‍ നേതൃപരമായ പങ്കും ഏകോപനവും നിര്‍വ്വഹിക്കണം. കേരളത്തിലെ നഗരസഞ്ചയങ്ങളില്‍ നഗരപ്രദേശത്തോടൊപ്പം ഗ്രാമ പ്രദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്. നഗര സഞ്ചയ ഗ്രാന്റിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം പരിസ്ഥിതി പ്രാധാന്യമുള്ളതുമാണ്. അതിനാല്‍ ഏകോപനത്തിനും മാര്‍ഗ നിര്‍ദേശത്തിനും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ ചെയ്ര്‍പേഴ്‌സണായും പ്ലാനിംഗ് ഓഫീസര്‍ കണ്‍വീനറായും ഒരു സബ്കമ്മറ്റി രൂപീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.