'പടയപ്പ'യെ തുരത്താൻ നടപടികളുമായി വനംവകുപ്പ്; മാലിന്യ പ്ലാന്റിന് ചുറ്റും കമ്പിവേലി കെട്ടും

മൂന്നാർ: മൂന്നാറില്‍ പടയപ്പ എന്ന കാട്ടാനയെ തുരത്താന്‍ നടപടികളുമായി വനംവകുപ്പ്. പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതുവരെ പച്ചക്കറി മാലിന്യങ്ങള്‍ സംസ്കരണ പ്ലാന്റിന് മുന്നിലിടരുതെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് വനംവകുപ്പ് നോട്ടീസ് നല്കി. പ്ലാന്റിന് ചുറ്റും കമ്പിവേലി കെട്ടാനുള്ള നടപടികള്‍ പഞ്ചായത്തും തുടങ്ങി.
കാട്ടാന മാലിന്യ പ്ലാന്റിനുള്ളിലേക്ക് കയറി വരുന്നത് തടയാൻ ഗേറ്റിനു സമീപം സ്ഥാപിച്ച കൂറ്റന്‍ ഇരുമ്പു ഗര്‍ഡറുകള്‍ തട്ടി നീക്കിയും കഴിഞ്ഞ ദിവസവും പടയപ്പ പ്ലാന്റിന് ഉള്ളിലെത്തി. പ്ലാന്റിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന തോന്നലുയര്ന്നതോടെ പടയപ്പയെ ഇവിടെ നിന്നും അകറ്റുവാനുള്ള വഴികള്‍ തേടുകയാണ് തദ്ദേശഭരണകൂടം.
ഉപേക്ഷിക്കപ്പെടുന്നതും ജൈവവള നിര്‍മാണത്തിന് ഉപയോഗിക്കുന്നതുമായു പച്ചക്കറികള്‍ പടയപ്പയ്ക്ക് ഇട്ടുകൊടുത്തിരുന്നതു വേണ്ടെന്നു വയ്ക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. ഭക്ഷണം കിട്ടാതാകുന്നതോടെ കാട്ടാന കാടുകയറുമെന്നാണ് പഞ്ചായത്ത് അധികൃതർ കരുതുന്നത്.
അതേസമയം പടയപ്പയുടെ ആനപ്പിണ്ടത്തില്‍ നിന്നും വലിയ തോതില്‍ പ്ലാസ്റ്റിക്ക് കണ്ടെത്തിയതോടെ പടയപ്പ എത്തുന്ന സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് നിക്ഷേപിക്കരുതെന്ന് കാട്ടി വനം വകുപ്പ് പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതേസമയം, മൂന്ന് ദിവസത്തിനുള്ളില്‍ പടയപ്പയെ തുരത്തണമെന്നാണ് സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കില്‍ വനപാലകരെ തടയുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.