തൃശ്ശൂരിലെ സദാചാര കൊലപാതകം: ഒളിവിൽപോയ പ്രതികൾ ഉത്തരാഖണ്ഡിൽ പിടിയിൽ, നാളെ നാട്ടിലെത്തിക്കും

Four arrested in thrissur sahar murder case
 

തൃശ്ശൂർ: തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളായ നാലു പേർ പൊലീസ് കസ്റ്റഡിയിലായി. ഉത്തരാഖണ്ഡിൽ നിന്നാണ് ഇവർ പിടിയിലായത്. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ,  നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഇവരെ നാല് പേരെയും നാളെ വൈകീട്ടോടെ തൃശൂരിൽ എത്തിക്കും. സദാചാര പൊലീസ് ചമഞ്ഞ് ബസ് ഡ്രൈവര്‍ സഹറിനെ മര്‍ദിച്ചു കൊലപ്പെടുത്തി എന്നതാണ് ഇവര്‍ക്കെതിരായ കേസ്.  

ചേര്‍പ്പ് ചിറക്കല്‍ കോട്ടം ഇല്ലാത്ത ഷംസുദ്ദീന്റെ മകന്‍ സഹറിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുണ്‍, എട്ടുമന സ്വദേശി ജിഞ്ചു ജയന്‍, ചിറയ്ക്കല്‍ സ്വദേശി അമീര്‍ എന്നിവരാണ് സഹറിനെ ആക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ പൊലീസിന് വ്യക്തമായിരുന്നു.

ഫെബ്രുവരി പതിനെട്ടിന് രാത്രിയിലാണ് വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടംഗ സംഘം മർദ്ദിച്ചത്.  ആന്തരിക അവയവങ്ങൾക്ക് അടക്കം പരിക്കുപറ്റിയ സഹർ ചികിത്സയിലിരിക്കെ മാർച്ച് ഏഴിന് മരിച്ചിരുന്നു.

  
 
എന്നാല്‍ സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പോലീസിനെതിരേ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പോലീസ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും ആരോപിച്ചിരുന്നു. ഇതിനിടെ, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് ഒളിവില്‍പോയ പ്രതികളില്‍ നാലുപേരെ ഉത്തരാഖണ്ഡില്‍നിന്നും കസ്റ്റഡിയിലെടുത്തത്. 

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കൊലക്കേസില്‍ അന്വേഷണം നടത്തുന്നത്. പ്രതികളിലൊരാളായ രാഹുല്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.