വിവരാവകാശം നൽകിയില്ല; മൂന്ന് ഓഫീസര്‍മാര്‍ക്ക് 37500 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷന്‍ ​​​​​​​

RTI
തിരുവനന്തപുരം: വിവരാവകാശ പ്രകാരം അപേക്ഷകര്‍ക്ക് വിവരം നല്കുന്നതില്‍ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസര്‍മാര്‍ക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മീഷന്‍. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ഹക്കിന്റേതാണ് ഉത്തരവ്.

കൊച്ചി കോര്‍പറേഷനില്‍ എസ്ഡി രാജേഷ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കെ 2015 ഒക്ടോബറില്‍ കെ ജെ വിന്‍സന്റ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കിയില്ല. വിവരം നല്‍കാന്‍ കമീഷന്‍ നിര്‍ദ്ദേശിച്ചിട്ടും നടപ്പാക്കിയില്ല. കമീഷന്‍ സമന്‍സ് അയച്ച് രാജേഷിനെ തലസ്ഥാനത്ത് വരുത്തുകയായിരുന്നു.

കൊണ്ടോട്ടി നഗരസഭയില്‍ ബോബി ചാക്കോ 2022 ഏപ്രിലില്‍ ചെറുവാടി ലക്ഷ്മി നല്കിയ അപേക്ഷക്ക് വിവരം നല്കിയിരുന്നില്ല. ഇരുവരും ഏപ്രില്‍ 13 നകം പിഴയൊടുക്കി ചലാന്‍ കമീഷന് സമര്‍പ്പിക്കണം. വിവരം നല്‍കാമെന്ന് അറിയിച്ച് പണം അടപ്പിച്ചശേഷം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വിവരം നിഷേധിച്ചതിനാണ് ചവറ ബ്ലോക്ക് പഞ്ചായത്ത് അസി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി ലതയ്ക്ക് പിഴ ചുമത്തിയത്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ് ഡി രാജേഷിന് 20000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോയ്ക്ക് 15000 രൂപയും ചവറ ബ്ലോക്ക്പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി ലതയ്ക്ക് 2500 രൂപയുമാണ് പിഴ.