ഇന്ത്യയിൽ സാംസ്കാരിക അധിനിവേശത്തിനായി വാസ്തുവിദ്യയെ ഉപയോഗിച്ചിട്ടുണ്ടെന്ന് വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ പത്മശ്രീ ഡോ. ജി ശങ്കർ. സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പൈതൃകോത്സവം- 2023 ദേശീയ സെമിനാറുകളിൽ ചൊവ്വാഴ്ച നടന്ന ‘എസൻസ് ഓഫ് ഇന്ത്യൻ ആർക്കിടെക്ചർ’ എന്ന സെഷനിലെ അതിഥികൾക്ക് സ്വാഗതമോതുകയായിരുന്നു അദ്ദേഹം. റോബർട്ട് ചിഷോം അടക്കമുള്ള ബ്രിട്ടീഷ് ആർക്കിടെക്ടുകൾ ഇത്തരം സാംസ്കാരികാധിനിവേശമാണ് നേപ്പിയർ മ്യൂസിയം അടക്കമുള്ള നിർമിതികളിലൂടെ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ വാസ്തുവിദ്യയിൽ ബാഹ്യസ്വാധീനം വളരെയധികം ഉണ്ടെന്നും വാസ്തുവിദ്യാ മിശ്രജം (ആർക്കിടെക്ചറൽ ഹൈബ്രിഡിറ്റി) ആണ് ഇവിടെ നിലവിലുള്ളതെന്നും സെമിനാർ അവതരിപ്പിച്ച പ്രൊഫസർ ശരത് സുന്ദർ രാജീവ് പറഞ്ഞു. ഇത്തരത്തിൽ പതിനെട്ടാം നൂറ്റാണ്ട് മുതൽ കേരളത്തിലെ നിർമിതികളിൽ ഉണ്ടായിട്ടുള്ള വൈദേശിക സ്വാധീനങ്ങളെ വിശദമായി പ്രതിപാദിക്കുന്ന വിജ്ഞാനപ്രദമായ ഒരു സെമിനാർ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. പതിനെട്ടാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തെ ട്രാൻസിഷണൽ, ഏർളി കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ, ഹൈ കൊളോണിയൽ എന്നിങ്ങനെ നാല് ഘട്ടങ്ങളായി തരം തിരിച്ചായിരുന്നു അദ്ദേഹം വിശദീകരിച്ചത്.
ഏർളി കൊളോണിയൽ ഫേസ് മുതൽ കേരളത്തിലെ വിവിധ കൊട്ടാരങ്ങളിൽ കണ്ടു വരുന്ന ജനാലകളുള്ളതും പുറത്തേക്ക് തള്ളി നിൽക്കുന്നതുമായ ബാൽക്കണികൾ മുഗൾ സ്വാധീനത്തിൽ നിന്നും ഉളവായതാണ്. മുഗൾ രാജാക്കന്മാർ ജനങ്ങളെ കാണുന്നതിനായി നിർമിച്ചിരുന്ന ‘ഝറോക്ക വ്യൂ’ എന്നും ‘അമ്പാരി മുഖപ്പ്’ എന്നും അറിയപ്പെട്ടിരുന്ന നിർമിതികളുടെ പകർപ്പാണിവ. തിരുവിതാംകൂറിലെ മിക്കവാറും എല്ലാ നിർമിതികളിലും ഇവ കാണാൻ സാധിക്കുമെന്നും ശരത് സുന്ദർ രാജീവ് പറഞ്ഞു. പത്മനാഭപുരം കൊട്ടാരത്തിലെ തായ് കൊട്ടാരം, തഞ്ചാവൂർ അമ്മവീട്, കുതിരമാളിക തുടങ്ങിയ നിരവധി നിർമിതികളിൽ ഇത്തരത്തിൽ മറാഠ അടക്കമുള്ള പലതരം സ്വാധീനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് എഞ്ചിനീയറിങ്ങ് തിരുവനന്തപുരത്തിലെ ആർക്കിടെക്ചർ വിഭാഗം അധ്യാപകനായ ശരത് സുന്ദർ രാജീവ് കൺസെർവേഷൻ ആർക്കിടെക്റ്റ് ആണ്.
കേരളത്തിലെ വാസ്തുവിദ്യാ നിർമിതികളും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട ശാസ്ത്രീയമായ രീതികളെക്കുറിച്ചുള്ള സെമിനാർ ആയിരുന്നു ഡിഡി ആർക്കിടെക്റ്റ്സ് എന്ന സ്ഥാപനത്തിൻ്റെ ഡയറക്ടറും ഇൻടാക് കൺവീനറും ആയ വിനോദ് കുമാർ എം എം അവതരിപ്പിച്ചത്. കേരളത്തിൻ്റെ വാസ്തുവിദ്യ എന്നത് വിവിധ സംസ്കാരങ്ങൾ, വിജ്ഞാന സംവിധാനങ്ങൾ, നാടൻ വിശ്വാസങ്ങൾ, കരകൗശലം, പ്രദേശത്തെ സവിശേഷമായ ഭൂമിശാസ്ത്രം, കാലാവസ്ഥ എന്നിവയുടെ സൂക്ഷ്മമായ മിശ്രിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൺസെർവേഷൻ ആർക്കിടെക്ചർ എന്നത് പ്രത്യേക പരിശീലനം ആവശ്യമുള്ള പ്രവൃത്തിയാണെന്നും ഒരു ചരിത്ര നിർമിതിയുടെ സംരക്ഷണം എന്നത് കൃത്യമായ പദ്ധതികളോടെ സമയമെടുത്ത് നടപ്പാക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. പുരാതന സാങ്കേതികവിദ്യകൾ കൊണ്ട് നിർമിച്ച കെട്ടിടങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കുന്നതിനായി അതിൽ കോൺക്രീറ്റും പെയിൻ്റും പ്ലാസ്റ്റിക്കും പോലെയുള്ള വസ്തുക്കൾ ചേർക്കുന്നത് അതിൻ്റെ അതുല്യത നഷ്ടപ്പെടുത്തും. തൻ്റെ സ്ഥാപനം നേരിട്ട് ഇടപെട്ട് സംരക്ഷിച്ച ചില സ്മാരകങ്ങളുടെ ഉദാഹരണങ്ങൾ അദ്ദേഹം വിശദീകരിച്ചു. തൃശൂർ വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂർ കൂത്തമ്പലം, രാമനിലയം തുടങ്ങിയ ചരിത്ര നിർമിതികളെ അവയുടെ തനത് സാങ്കേതിക വിദ്യയിൽ കലർപ്പില്ലാതെ പുനരുജ്ജീവിച്ചത് ചിത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം വിശദീകരിച്ചത്.
Read also…..ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; വിദേശത്തേക്ക് കടന്ന ഒറ്റപ്പാലം സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്
സെമിനാറിൽ ആമുഖ പ്രഭാഷണം നടത്തിയ കൺസെർവേഷൻ ആർക്കിടെക്ട് ഡോ. ബിനുമോൾ ടോം ഇന്ത്യൻ വാസ്തുവിദ്യയുടെ അന്തസത്ത എന്ന വിഷയത്തെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. കച്ചിലെ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന ഭുംഗ ഹൗസുകൾ മുതൽ കേരളത്തിലെ അഗ്രഹാരങ്ങൾ വരെയുള്ളവയുടെ വാസ്തുവിദ്യയെക്കുറിച്ച് വിശദമായി പ്രതിപാദിച്ച ബിനുമോൾ ടോം, ഇന്ത്യൻ വാസ്തുവിദ്യയിലെ ആത്മീയവും മതപരവുമായവ, സാംസ്കാരികമായ അസ്തിത്വം തുടങ്ങിയ നിരവധി ഘടകങ്ങൾ വിശദീകരിച്ചു. പൊതുമരാമത്ത് വകുപ്പിലെ ചീഫ് ആർക്കിടെക്ട് എ ആർ രാജീവും സെമിനാറിൽ സന്നിഹിതനായിരുന്നു. സെമിനാറുകൾക്ക് ശേഷം ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. വിവിധ എഞ്ചിനീയറിങ്ങ് കൊളേജുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം