ഫർണിച്ചർ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാന്‍ അനുവദിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഫ്യൂമ്മ

fs

തിരുവനന്തപുരം: സംസ്ഥാനത്തെ ഫർണിച്ചർ വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറന്നു പ്രവർത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി ഫർണിച്ചർ മാനുഫാക്ച്ചേർസ് & മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ (ഫ്യൂമ്മ).

കേരളത്തിലുടനീളമുള്ള ചെറുകിട കുടിൽ വ്യവസായം ഉൾപ്പടെയുള്ള വ്യവസായ മേഖലയിൽ നിർമിക്കപ്പെട്ട വൻ തോതിലുള്ള ഉൽപ്പന്നങ്ങൾ നിയന്ത്രണങ്ങൾ മൂലം വിതരണവും വിപണനവും ചെയ്യാൻ കഴിയാതെ കെട്ടിക്കിടക്കുകയാണ്. അതിഥിതൊഴിലാളികൾ ഉൾപ്പടെ 35000-ൽ അധികം പേർ നേരിട്ടും 25000-ൽ അധികം പേർ പരോക്ഷമായും ജോലി ചെയ്യുന്നു. അങ്ങനെ ലക്ഷത്തിന് മേൽ കുടുംബങ്ങളുടെ ആശ്രയമായ ഈ മേഖല കടുത്ത പ്രതിസന്ധിയുടെ നടുവിലാണ്. ഫർണിച്ചർ വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും തുറന്ന് പ്രവർത്തിക്കുവാൻ അനുമതി ലഭ്യമായാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ഒരു അടിയന്തിര പ്രതിവിധി ഉറപ്പാക്കുവാൻ സാധിക്കുവെന്ന് ഫ്യൂമ്മ നിവേദനത്തില്‍ പറയുന്നു.
 

ഫർണിച്ചർ വ്യാപാര സ്ഥാപനങ്ങൾ പൊതുവെ വിശാലവും, സ്വര്‍ണ്ണം വസ്ത്രം തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളെക്കാൾ തിരക്ക് കുറഞ്ഞവയും, പരമാവധി മൂന്നോ നാലോ കസ്റ്റമോസ് മാത്രം ശരാശരി വന്നുപോകുന്നവയുമാണ്. എന്നിരുന്നാലും തുറക്കുവാനുള്ള  അനുമതി ലഭ്യമാക്കിയാൽ സർക്കാർ നിഷ്കർഷിക്കുന്ന എല്ലാ കോവിഡ്  മാനണ്ഡങ്ങളും പൂർണമായും മാനിച്ചുകൊണ്ടു മാത്രമേ പ്രവർത്തിക്കുകയുള്ളൂയെന്നും ഫ്യൂമ്മ  പറയുന്നു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ പ്രവർത്തങ്ങളുടെ ഭാഗമായി ഏര്പ്പെടുത്തിയ ലോക്ക്ഡൌണില്‍ ഇളവുകള്‍ നല്‍കിയിരുന്നു. സ്വർണ്ണം, തുണി, ചെരുപ്പ്, പുസ്തകങ്ങൾ, സ്പെയർപാർട്സുകൾ എന്നിവ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയുണ്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് 50% ജീവനക്കാരോടെ പ്രവർത്തിക്കാം. 

ഗ്യാസ് സ്റ്റവ് അറ്റകുറ്റപ്പണികൾ നടത്തുന്ന കടകൾ, മൊബൈൽ ഫോണും കമ്പ്യൂട്ടറും അറ്റകുറ്റപ്പണികൾ നടത്തുന്ന കടകൾ, കണ്ണടകൾ വില്പനയും അറ്റകുറ്റപ്പണികളും നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്യുന്ന കടകൾ  എന്നിവയ്ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.