ജി സുധാകരൻ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയില്ല; സിപിഎം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

g sudhakaran
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വീഴ്ചയിൽ പാർട്ടി അന്വേഷണ കമ്മീഷൻ സിപിഎമ്മിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ മന്ത്രി ജി സുധാകരനെതിരായ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ് അന്വേഷണ റിപ്പോർട്ട്. സുധാകരൻ പാർട്ടി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയില്ലെന്നാണ് സിപിഎം അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന വിശ്വാസത്തിൽ സുധാകരൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ പാർട്ടി സീറ്റ് നൽകിയില്ല. അതോടെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി എത്തിയ എച്ച് സലാമിനെ പിന്തുണച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടിൽ സഹായിക്കുകയും ചെയ്തില്ല. സ്ഥാനാർത്ഥിക്കെതിരായ പോസ്റ്റർ പ്രചരണത്തിൽ മൗനം പാലിച്ചുവെന്നുമാണ് കമ്മീഷൻ കണ്ടെത്തൽ. 

സലാമിന്റെ ആരോപണങ്ങൾ ശരിവെക്കുന്ന ഈ റിപ്പോർട്ട് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചർച്ച ചെയ്യും. സുധാകരനോട് വീണ്ടും വിശദീകരണം തേടുന്നതിൽ സെക്രട്ടറിയേറ്റാകും തീരുമാനമെടുക്കുക. 

അമ്പലപ്പുഴയിലെ പ്രവർത്തന വീഴ്ച അന്വേഷിക്കാൻ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന് തെളിവെടുപ്പിന് ഹാജരായവരിൽ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നൽകിയിരുന്നു. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എംപിയും എച്ച് സലാം എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ചിരുന്നു.