ഗാന്ധിയേയും നെഹ്റുവിനേയും ആസാദിനേയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുന്നു; സവർക്കറെ സ്വാതന്ത്ര സമര സേനാനിയായി ചിത്രീകരിക്കാൻ ശ്രമം: മുഖ്യമന്ത്രി

google news
Pinarayi Vijayan on Vaikom Satyagraha centenary celebrations
 

തിരുവനന്തപുരം: സവർക്കറെ സ്വാതന്ത്ര സമര സേനാനിയായി ചിത്രീകരിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. ചരിത്രം സംഘപരിവാറിന് ആസ്വസ്ഥത ഉണ്ടാക്കുന്നു, പാഠ പുസ്തകങ്ങളിൽ നിന്ന് ചരിത്രം ഒഴിവാക്കുന്നതിന് കാരണം അതാണ്. ചരിത്രം കുട്ടികൾ അറിയരുത് എന്നാണ് ബി.ജെ.പി സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  
  
സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ആർ എസ് എസ്. ആൻഡമാൻ ജയിലിൽ നിന്ന് മാപ്പെഴുതി പുറത്തിറങ്ങിയ ആളാണ് സവർക്കർ. ബ്രീട്ടീഷുകാരോട് സമരം ചെയ്ത് സമയം കളയേണ്ടെന്ന് പറഞ്ഞയാളാണ് ഗോൾ വാർക്കർ. ഗാന്ധിയേയും നെഹ്റുവിനേയും അബുൾ കലാം ആസാദിനേയും മുകൾ ഭരണത്തേയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. കേരളത്തിൽ അത് നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞത്ത് എൽ.ഡി.എഫ് സർക്കാരിൻ്റെ രണ്ടാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
മഹാപ്രളയത്തിൽ കേന്ദ്ര സർക്കാർ വേണ്ട സഹായം ചെയ്തില്ല. പല രാജ്യങ്ങളും സഹായിക്കാൻ തയാറായപ്പോൾ, സഹായം സ്വീകരിക്കില്ല എന്ന നിലപാടായിരുന്നു കേന്ദ്രത്തിനുണ്ടായിരുന്നത്. സംസ്ഥാനത്തെ മന്ത്രിമാർ ഫണ്ട് സമാഹരണത്തിനായി വിദേശത്ത് പോകാനൊരുങ്ങിയപ്പോൾ കേന്ദ്രം അനുമതി നിഷേധിച്ചു. കിഫ്ബിയെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് . അവശ്യത്തിന് കടം എടുക്കാൻ കഴിയാത്ത തരത്തിലുള്ള പരിധികൾ കേന്ദ്രം ഉൾപ്പെടുത്തി. ഇത് കേരളത്തെ തകർക്കാനുള്ള കേന്ദ്ര ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
  
എന്തിനും ഇല്ല, ഇല്ല, ഇല്ല എന്ന് പറയുന്ന സർക്കാരായിരുന്നു യുഡിഎഫിന്റേത്. ആശുപത്രിയിൽ ഡോക്ടർ ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നായിരു മറുപടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസന മരവിപ്പും, അഴിമതിയും ഉണ്ടായി. ആളുകൾ തലയിൽ കൈ വച്ച് ഈ ശാപത്തിൽ നിന്ന് മോചനം നൽകണമേയെന്ന് പ്രാർത്ഥിച്ചു. എൽ ഡി എഫിന് പുറത്തുള്ളവരും തെരഞ്ഞെടുപ്പിൽ സഹായിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.  

എൽഡിഎഫ് പ്രകടന പത്രികയിൽ 600 പ്രഖ്യാപനങ്ങളാണുണ്ടായിരുന്നത്. 2021 ൽ 580 വാഗ്ദാനങ്ങളും നടപ്പാക്കി. ദേശീയ പാതാ വികസനം മുന്നോട്ടു കൊണ്ടു പോയി. ഓഫീസ് പൂട്ടി പോയ ദേശീയപാതാ അതോറിറ്റിയെ തിരിച്ചു കൊണ്ടു വന്നു. 5500 കോടി രൂപ സംസ്ഥാനം സ്ഥലം ഏറ്റെടുപ്പിന് പിഴയായി കൊടുത്തു. യു ഡി എഫ് സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥതയ്ക്ക് കൊടുത്ത പിഴയാണത്. ദേശീയ പാതയിലൂടെ വരുന്നവരുടെ മനസ് കുളിരുകയാണ്. പ്രളയക്കെടുതി നേരിട്ട് ലോകത്തിന് മാതൃകയായി. ലോകമാകെ ആശ്ചര്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എൽ.ഡി.എഫ് അധികാരത്തിലേറി തുടർച്ചയായി ഏഴ് വർഷമായി നില നിൽക്കുന്നു. അങ്ങനെ നോക്കിയാൽ എൽ.ഡി.എഫ് സർക്കാരിൻ്റെ ഏഴാം വാർഷികമാണ് ഇത്. 2016 ന് മുൻപുള്ള കേരളം ആരും മറന്നു പോകാൻ ഇടയില്ല. അന്ന് കേരളത്തൻ്റെ പൊതുവായ സാഹചര്യം ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു. ഒരു വികസന പ്രവർത്തനവും നടന്നില്ല, എല്ലാ രംഗത്തിലും പുറകോട്ടടി ഉണ്ടായി, അഴിമതി കൊടികുത്തി വാഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags