സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുന്നു; മുഖ്യമന്ത്രി ഡൽഹിക്ക് പോയത് വിലപേശാൻ: വി ഡി സതീശന്‍

vd satheesan 31/5

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണക്കേസും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും വെച്ചുകൊണ്ട് വിലപേശുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡല്‍ഹിക്ക് പോയത്. ഇതിനാണെങ്കിൽ കെ സുരേന്ദ്രനെ കൂടെ കൊണ്ട് പോവാമായിരുന്നുവെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

കള്ളപ്പണക്കേസില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് പോലീസിന് അറിയാം. എന്നിട്ടും ചോദ്യം ചെയ്യല്‍ പോലും വൈകി. തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ കേന്ദ്ര അന്വേഷണ ഏജൻസികളും ഒരു സുപഭാതത്തിൽ പെട്ടെന്ന് അന്വേഷണം നിർത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാൻ മൂന്ന് മാസം എടുത്തുവെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച നടന്നിട്ടില്ല. വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. കേരളം നേരിടുന്ന ജിഎസ്ടി ഉള്‍പ്പടെയുളള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.