മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണം: പുതിയ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം

laksha


കൊച്ചി: വീണ്ടും വിവാദ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപിലെ എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് പുതിയ ഉത്തരവ്. സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് പുതിയ നടപടി എന്നാണ് വിശദീകരണം.  ദ്വീപുകളിലേക്ക് വരുന്ന ഉരു, വെസലുകൾ എന്നിവ നങ്കൂരമിടുന്ന സ്ഥലങ്ങൾ സിസിടിവി ക്യാമറ സ്ഥാപിച്ച് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. 

പോര്‍ട്ട് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ്മയാണ് ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മത്സ്യബന്ധനം പ്രധാന വരുമാന മാര്‍ഗമായ നിരവധി മത്സ്യ ബന്ധന ബോട്ടുകള്‍ ഉള്ള മേഖലയിലാണ് ഇങ്ങനെ ഒരു ഉത്തരവ് നടപ്പിലാക്കുന്നത്. കോച്ചി പോര്‍ട്ടിലേതിന് സമാനമായ സുരക്ഷാ പരിശോധനകള്‍ ബേപ്പൂരും മംഗലാപുരത്തും നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. 

ലക്ഷദ്വീപിലെ പ്രദേശീക മത്സ്യ ബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിച്ച് രഹസ്യ വിവരങ്ങൾ ശേഖരിക്കണമെന്നാണ് പ്രധാന തീരുമാനം. മത്സ്യതൊഴിലാളികൾ ആരൊക്കെയായി ബന്ധപ്പെടുന്നു, പുറമെ നിന്ന് ആരെങ്കിലും മത്സ്യ ബന്ധന ബോട്ടുകളിൽ ദ്വീപുകളിൽ എത്തുന്നഉണ്ടോ എന്നതടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകണം. ദ്വീപിലേക്ക് ചരക്കുമായെത്തുന്ന ഉരു കർശനമായി പരിശോധിക്കണം. ഇവ നങ്കൂരമിടുന്ന സ്ഥലങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറ സ്ഥാപിച്ച് പരിശോധന വേണം. അഡ്മിനിസ്ട്ടേറ്ററുടെ ഉപദേശകന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. 

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫ്രഫുൽ ഖോഡ പട്ടേലിന്‍റെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് സമൂഹത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സുരക്ഷയെ മുൻനിർത്തിയുള്ള പുതിയ ഉത്തരവ്.