സ്‌ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണം; സ്ത്രീധന പരാതി ഉയർന്നാൽ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍

arif


​​​​തിരുവനന്തപുരം: സ്‌ത്രീധനം കാരണം സ്‌ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂല്യങ്ങള്‍ നശിക്കുകയാണ്. സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്‌നം. സ്‌ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷക്കായി നടത്തുന്ന ഉപവാസ സമരം വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പെൺകുട്ടികൾ സ്ത്രീധനത്തോട് നോ പറയണം. സ്ത്രീധനം ആവശ്യപ്പെട്ടു എന്നറിഞ്ഞാൽ പെൺകുട്ടികൾ  വിവാഹത്തില്‍ നിന്ന് പിന്മാറണം. ബിരുദം നൽകുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണം. സ്ത്രീധന പരാതിയുയർന്നാൽ സർവകലാശാലകൾ ബിരുദം റദ്ദാക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.  പുരുഷൻമാർക്ക് സഹാനുഭൂതി വേണം. വരൻമാരുടെ അമ്മമാരാണ് സ്ത്രീധനം തടയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് പാര്‍ട്ടികളുടെ വിഷയമല്ല. സ്‌ത്രീധനത്തിനെതിരെ എല്ലാവരും ഒരുപോലെ കൈ കോര്‍ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. താന്‍ ഉപവാസത്തിന് തീരുമാനിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയും കുമ്മനം രാജശേഖരനും ഗാന്ധിജിയുടെ പൗത്രിയും തന്നെ വിളിച്ച്‌ പിന്തുണ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും പൂര്‍ണ പിന്തുണ അറിയിച്ചു.
 
സ്ത്രീധനത്തിനെതിരെ ഇത്തരത്തിലുള്ള പ്രചാരണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ ഉപവാസം സ്ത്രീധന വിഷയത്തിൽ മാത്രം ഊന്നിയെന്ന് ഗവർണർ  കൂട്ടിച്ചേര്‍ത്തു.