ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാമ്പല്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍

rn ravi
 

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാമ്പല്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. ഗവർണർമാർക്ക് കൃത്യമായ റോൾ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത നടത്തിയ ലോകായുക്താ ദിനാചരണത്തില്‍ സംസ്ഥാന നിയമമന്ത്രി പി. രാജീവിനെ വേദിയിലിരുത്തിയാണ് തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം. 
 
ലോകായുക്തയുടെ ശക്തി ക്ഷയിപ്പിക്കാനുള്ള നീക്കം ഉണ്ടായാൽ ഗവർണർ ഇടപെടുമെന്നും രാജ്യത്തിന്റെ എല്ലാഭാഗത്തും ഇത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ആർ.എൻ രവി പറഞ്ഞു.
 
നിയമസഭ പാസാക്കിയ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ബില്ലില്‍ ഇതുവരേയും ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കൂടിയാണ് ആര്‍.എന്‍. രവിയുടെ പരാമര്‍ശം. ഒരു ബില്‍ ഒപ്പിടാതിരിക്കണമെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്. സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. ലോകായുക്ത പോലെയുള്ള സംവിധാനങ്ങള്‍ തകരാതെ നോക്കേണ്ടത് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും തമിഴ്‌നാട് ഗവര്‍ണര്‍ വേദിയില്‍ പറഞ്ഞു.

കേരളത്തിലേതിന് സമാനമായി തമിഴ്നാട്ടിലും സർക്കാർ-ഗവർണർ പോര് രൂക്ഷമാണ്. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ നേരത്തെ പാസാക്കിയിരുന്നു. ഇതടക്കമുള്ള ബില്ലുകൾ ഗവർണർ ഒപ്പുവെച്ചിരുന്നില്ല.

ഇതേ തുടർന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഡി.എം.കെ എം.പിമാർ കത്തയച്ചിരുന്നു. ഭരണഘടനാപരമായ പദവി വഹിക്കാൻ ഗവർണർ അയോഗ്യനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകക്ഷിയായ ഡി.എം.കെയുടെ 57 എം.പിമാർ കത്തയച്ചത്.