കെകെ രാഗേഷിന്‍റെ ഭാര്യയുടെ നിയമന നീക്കം: വിസിയോട് വിശദീകരണം തേടി ഗവർണർ

arif
 

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ (kk ragesh) ഭാര്യ പ്രിയ വ‍ർഗ്ഗീസിനെ (priya varghese) അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് ഗവർണ്ണർ. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. നിയമനത്തിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് ഗവർണ്ണർ ആവശ്യപ്പെട്ടത്. 

യുജിസി യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്നാണ് കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറാക്കാനുള്ള നീക്കമെന്ന പരാതി ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. 25 വര്‍ഷം അധ്യാപക പരിചയമുള്ള ആളെ തഴഞ്ഞ് കെ.കെ. രാഗേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്‍കി എന്നാണ് ആരോപണം. ഇതിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്. 


ഗവർണ്ണർ വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് വിസി ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. അധ്യാപക നിയമനത്തിൽ സ്വതന്ത്രമായ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യം മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ ഉയർന്നു വന്ന വിവാദങ്ങൾഅനാവശ്യമാണെന്നും ഗവർണർക്ക് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോ. പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് ഡോ. പ്രിയാ വര്‍ഗീസിനാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എം.പി. യുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയയെ അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചട്ടവിരുദ്ധമായാണെന്ന് പ്രതിപക്ഷ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.