കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ല; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍

ksrtc
 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സഹായിക്കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

2021-22 കാലയളവില്‍ 2037 കോടിയില്‍പ്പരം കെഎസ്ആര്‍ടിസിക്ക് അനുവദിച്ചെന്നും, കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നിയമപരമായോ, കരാര്‍ പ്രകാരമോ ബാധ്യതയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 

ജീവനക്കാര്‍ക്ക് ശമ്പളവും, ഉത്സവ ബത്തയും നല്‍കുന്നതിന് സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് 103 കോടി രൂപ കൈമാറണമെന്നായിരുന്നു സര്‍ക്കാരിനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം. എന്നാല്‍, സിംഗിള്‍ ബെഞ്ച് നിര്‍ദേശം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.
  
 
അതേസമയം, വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം മുടങ്ങി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പെൻഷൻ വിതരണം മുടങ്ങിയത്. സാങ്കേതിക തകരാറാണ് കാരണം എന്നാണ് വിശദീകരണം. വിതരണം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ, പെൻഷൻ വിതരണം നിലച്ചത് മുൻ ജീവനക്കാരെ പ്രതിസന്ധിയിലാക്കി. 

സഹകരണ വകുപ്പുമായുള്ള ചില പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി പെൻഷൻ നൽകിയിരുന്നില്ല. ഈ പെൻഷൻ വിതരണം ചെയ്യുമെന്ന് അറിയിച്ചതോടെ പതിവിൽ കൂടുതൽ പേർ പണം വാങ്ങാൻ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പെൻഷൻ വിതരണം നിലച്ചത്. സഹകരണ സ്ഥാപനങ്ങൾ വഴി പെൻഷൻ നൽകുന്നതിലെ സാങ്കേതിക പ്രശ്നമാണ് ഇതിനിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഈ പ്രശ്നം എപ്പോൾ പരിഹരിക്കാൻ ആകുമോ എന്നും എന്താണ് പ്രതിവിധി എന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. 41,000 പേർക്കാണ് പെൻഷൻ നൽകാനുള്ളത്.