മദ്യം നല്‍കിയില്ല, ബാറിന് മുൻപിൽ വാൾ വീശി; തലസ്ഥാനത്ത് നഗരമധ്യത്തില്‍ ഗുണ്ടാവിളയാട്ടം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിലാണ് ഗുണ്ടാസംഘം വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ബാറിൽ നിന്നും മദ്യം നൽകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു ഗുണ്ടാസംഘത്തിൻ്റെ വാൾ വീശൽ. നന്ദാവനത്തെ ബാറിന് മുന്നിലായിരുന്നു ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം.
മ്യൂസിയം പൊലീസ് സ്‌റ്റേഷന് മീറ്ററുകള്‍ മാത്രം അകലെയാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രി 11മണിയോടെയാണ് ഒരു സംഘമാളുകള്‍ ബാറിലെത്തിയത്. ബാറിന്റെ പ്രവര്‍ത്തന സമയം അവസാനിച്ച സമയമായിരുന്നതിനാല്‍മദ്യം നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ മദ്യം നല്‍കില്ലെന്ന് പറഞ്ഞതോടെ വടിവാളെടുത്ത് വഴിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരെയും ഗുണ്ടാ സംഘം അസഭ്യം പറഞ്ഞു. പൊലീസ് എത്തുന്നതിന് മുന്‍പേ സംഘം വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മ്യൂസിയം സിഐ അറിയിച്ചു.