വിദ്വേഷപ്രചരണങ്ങള്‍ നിയമപരമായി നേരിടും: ഐഡി ഫ്രഷ് ഫുഡ് സിഇഒ പി സി മുസ്തഫ

ceo
 

മലയാളി ഫുഡ് പ്രൊഡക്ട്‌സ് കമ്പനിയായ ഐ.ഡി ഫുഡ് പ്രൊഡക്ട്‌സിനെതിരെ നടന്ന വിദ്വേഷ പ്രചരണങ്ങളില്‍ പരാതി നല്‍കി കമ്പനി അധികൃതര്‍. തെറ്റിദ്ധരിപ്പിക്കുന്നതും അപക്വവുമായ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ വാട്ട്‌സ്ആപ്പ് ഗ്രീവന്‍സ് സെല്ലിനെയും സൈബര്‍ ക്രൈമിനെയും സമീപിച്ചിരിക്കുകയാണ് കമ്പനി. ഔദ്യോഗികമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെയാണ് കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്ന കാര്യം അറിയിച്ചത്. 

‘‘ഐഡി ഫ്രഷ് ഫൂഡിന്റെ ദോശമാവിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന വാട്സാപ്പ് സന്ദേശം എവിടെനിന്നാണ് പ്രചരിച്ചതെന്നറിയില്ല. എന്താണ് ഇതു പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശമെന്നും മനസ്സിലാവുന്നില്ല. എന്തുതന്നെയായാലും കാര്യങ്ങളെ നിയമപരമായി നേരിടാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. വാട്സാപ്പ് ഗ്രീവൻസ് സെല്ലിലും സൈബർ ക്രൈമിലും പരാതി നൽകിയിട്ടുണ്ട്.’’- ഐഡി ഫ്രഷ് ഫൂഡ് സിഇഒ പി സി മുസ്തഫ പറഞ്ഞു. 

ഇത്തരം വ്യാജ പ്രചരണങ്ങളെ അപലപിക്കുന്നുവെന്നും ശരിയായ രീതിയില്‍ നേരിടാന്‍ നിയമപരമായ വഴികളിലൂടെതന്നെ നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാന്നെയും കമ്പനി അധികൃതര്‍ അറിയിച്ചു. ഈ സമയത്ത് ഉപഭോക്താക്കളടക്കമുള്ള വലിയ ജനവിഭാഗം തങ്ങള്‍ക്ക് തന്ന പിന്തുണയ്ക്ക് അധികൃതര്‍ നന്ദി അറിയിക്കുകയും ചെയ്തു.

യുവ മലയാളി സംരഭകൻ പി.സി മുസ്തഫയാണ് ബംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷിന്റെ സ്ഥാപകൻ. ഭക്ഷണ ചേരുവയായി പശുക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന ആരോപണമാണ് കമ്പനിക്കെതിരെ വ്യാജ പ്രൊഫൈലുകൾ ഉന്നയിച്ചത്. മുസ്ലിം മതസ്ഥരെ മാത്രമാണ് ഐ.ഡി ജോലിക്ക് എടുക്കുന്നതെന്നും ഹലാല്‍ സര്‍ട്ടിഫൈഡ് പ്രൊഡക്ടാണെന്നും പ്രചാരണമുണ്ടായി‍. ഇത് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു.