തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിലെ പ്രതിയായ മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജുവിന്റെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. ഷൈജു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഹർജി 20 ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം കേസിലെ പ്രതി വിശാഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ മാസം 20 വരെയാണ് അറസ്റ്റ് തടഞ്ഞത്. വിശാഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിശാഖിൻ്റെ പേര് എങ്ങനെയാണ് പ്രിൻസിപ്പല്‍ ശിപാർശ ചെയ്തതെന്ന് കോടതി ചോദിച്ചു. ഇതിന് വിശാഖിൻ്റെ പ്രേരണ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.
read also: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി കോടതി
ഇതിനിടെ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സർവകലാശാല തെരഞ്ഞെടുപ്പ് മാറ്റിവച്ചപ്പോൾ ഉണ്ടായ നഷ്ടത്തിനാണ് പിഴ ഈടാക്കുന്നത്. പണം ഉടൻ അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് കത്ത് നൽകും. ധനനഷ്ടം കണക്ക് കൂട്ടി മുൻ പ്രിൻസിപ്പൽ ഷൈജുവിനും കോളജിനുമായിരിക്കും കത്ത് നൽകുക.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ആൾമാറാട്ടം നടത്തിയ വിശാഖിന് മത്സരിക്കാനും യോഗ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു. ലിങ്ദോ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 22 വയസാണ് മത്സരിക്കാനുള്ള പ്രായപരിധി. എന്നാൽ വിശാഖിന് 24 വയസായിരുന്നു.യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി അനഘയ്ക്ക് പകരം വിശാഖിന്റെ പേരാണ് പഴയ പ്രിൻസിപ്പൽ നൽകിയിരുന്നത്. ഇതിൽ പ്രിൻസിപ്പലിനെ കൂടാതെ വിശാഖും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ യു.യു.സി സ്ഥാനത്തുനിന്ന് ജയിച്ച വിദ്യാർത്ഥിനിയുടെ പേരുമാറ്റി എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ പേര് ചേർത്ത് സർവകലാശാലയ്ക്ക് നൽകിയത് ജി.ജെ ഷൈജുവായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം