സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്

covid samples
 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് ആണ് പുതുക്കിയത്.

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നിലവിലുളള 500 രൂപ നിരക്ക് തന്നെ തുടരും. ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും തുടരുമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ശബരിമല തീര്‍ത്ഥാടന കേന്ദ്രം എന്നിവിടങ്ങളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ക്ക് ഈ നിരക്ക് തുടരും.

എയർപോർട്ടുകളിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് 2490 രൂപയാണ് നിരക്ക്. അബോട്ട് ഹെൽത്ത് കെയറിന്റെയും തെർമോ ഫിഷർ സയൻ്റിഫിക്കിൻ്റെയും ലാബുകളാണ് എയർപോർട്ടുകളിൽ പ്രവർത്തിക്കുക. നിലവിൽ എയർപോർട്ടിൽ പല ലാബുകൾ പല തരത്തിലാണ് കൊവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്. ഇതിന് മാറ്റം വരുത്താനാണ് പുതിയ ഉത്തരവ്. 
 
ആർടിലാമ്പ് പരിശോധനയ്ക്ക് 1150 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും എക്സ്പേർട്ട് നാറ്റ് പരിശോനധനയ്ക്ക് 2500 രൂപയും സ്വകാര്യ ലാബുകൾക്ക് ഈടാക്കാം.