ദേഹാസ്വാസ്ഥ്യം; എം.ശിവശങ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

m sivasankar
 

കളമശ്ശേരി: ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. വൈകീട്ടോടെയാണ് തനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് ശിവശങ്കർ ജയിൽ അധികൃതരെ അറിയിച്ചത്.
 
നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തനിക്ക് ചില അസ്വസ്ഥതകളുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ കോടതി അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇപ്പോൾ ജയിലിൽ തുടരവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജനുവരിന് 31ന് സർവീസിൽനിന്ന് വിരമിച്ചതിന് പിന്നാലെയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ കൊച്ചി ഓഫീസിൽ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്‌നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരുകോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്‌നയുടെ മൊഴിയാണ് കേസിൽ ഇ.ഡി ശിവശങ്കറിനെ പ്രതിചേർക്കാൻ കാരണമായത്.