മലയോര മേഖലയിൽ കനത്തമഴ; എരുമേലിയിലും കോഴിക്കോട് അരിപ്പാറയിലും മലവെള്ളപ്പാച്ചിൽ; ഉരുൾപൊട്ടിയെന്ന് സൂചന

rain
 

കോട്ടയം: കേരളത്തിൻറെ മലയോരമേഖലയിലടക്കം പലയിടത്തും ശക്തമായ മഴ. എരുമേലി തുമരംപാറയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. തുമരംപുഴ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. വനപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായതായാണ് സംശയം.

ജില്ലയുടെ കിഴക്കൻ മേഖലയായ എരുമേലി ഉൾപ്പെടെയുള്ള കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയായിരുന്നു. മഴയെത്തുടർന്ന് തുമരംപാറപുഴയിൽ ഉയർന്നത്. വനപ്രദേശത്ത് ഉരുൾപൊട്ടിയ സൂചനയാണ് നാട്ടുകാർ പങ്കുവെക്കുന്നത്. എന്നാൽ ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. റവന്യു വകുപ്പ് ഇക്കാര്യം പരിശോധിച്ചു വരികയാണ്. റോഡുകളിലും സമീപപ്രദേശങ്ങളിലും മറ്റും വെള്ളം ഉയർന്നനിലയിലാണ്. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.
 

കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഉച്ചയ്ക്ക് ശേഷമായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്. താഴ്ന്ന പ്രദേശത്തും പുഴയുടെ തീരത്തുള്ളവരോടും ജാഗ്രതപാലിക്കാന നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ എവിടെയെങ്കിലും ശക്തമായ മഴപെയ്തതിന്റെ സാഹചര്യത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായിരിക്കാം എന്നുള്ള നിഗമനത്തിലാണ് റവന്യൂ വകുപ്പ്. തീരത്തേക്ക് വെള്ളം കയറിയിട്ടില്ല. നിലവിൽ ആരെയും മാറ്റിപാർപ്പിച്ചിട്ടില്ല.

പാലക്കാട് ടൗണിലെ കടകളിൽ വെള്ളം കയറി. നി‍ർത്താതെ പെയ്ത മഴയിലാണ് മുടപ്പല്ലൂർ ടൗൺ വെള്ളത്തിൽ മുങ്ങിയത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. അടുത്തുണ്ടായിരുന്ന ചാലുകൾ വൃത്തിയാക്കാത്തത് ടൗണിൽ വെള്ളക്കെട്ട് ഉണ്ടാക്കാവൻ കാരണമെന്ന് വ്യാപാരികൾ ആരോചിച്ചു.

പത്തനംതിട്ട കുരുമ്പൻമൂഴിയിൽ കാടിനുള്ളിൽ ഉരുൾപൊട്ടി. നാശനഷ്ട്ടങ്ങൾ ഒന്നും ഇല്ലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ശക്തിയായി വെള്ളം ഒലിച്ചുവരുന്നുണ്ട്. നേരത്തെ പത്തനംതിട്ടയിൽ എരുമേലിയിലും ഉരുൾപൊട്ടിയിരുന്നു. എന്നാൽ ആളപായമടക്കം മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം നേരത്തെ പ്രഖ്യാപിച്ച പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് തുടരുകയാണ്.