മഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും കൺട്രോൾ റൂം, ആവശ്യമെങ്കില്‍ ക്യാമ്പുകള്‍, കരുതല്‍ നടപടികള്‍ ശക്തമാക്കണം

rain tamilnadu
 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ പൂര്‍ണസമയം പ്രവർത്തിക്കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കും. കണ്‍ട്രോള്‍ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തില്‍ ജില്ലകളിലെ സാഹചര്യം അവലോകനം ചെയ്തു.

അതേസമയം, അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണമെന്ന് പൊലീസിന് ഡി.ജി.പിയും നിർദേശം നൽകി. എല്ലായിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കണമെന്നും വയർലസ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്നുമാണ് നിര്‍ദേശം. കടലോര ജാഗ്രത സമിതികളുമായി ബന്ധപ്പെട്ട് കോസ്റ്റൽ പൊലീസ് സജ്ജമാകണം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ബറ്റാലിയൻ എ.ഡി.ജി.പി സേനാ വിന്യാസവും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ദുരന്തനിവാരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കും.
 

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പൊതുജനങ്ങൾക്കായി മാർഗ നിർദേശങ്ങൾ മുന്നോട്ടവെച്ചു

  • ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ പുഴകളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങരുത്
  • കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം.
  • ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.
  • കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക. 
  • അതിരാവിലെ പുറത്തിറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. 
  • ശബരിമല തീർത്ഥാടകർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം.
  • രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
  • മലയോര മേഖലകളിലേക്കുള്ളവർ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം 
  • വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. 
  • അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടില്ല