കനത്ത മഴ; കോഴിക്കോടും പാലക്കാടും മലവെള്ളപ്പാച്ചില്‍

d
 കനത്ത മഴയെ തുടർന്ന് കോഴിക്കോടും പാലക്കാടും മലവെള്ളപ്പാച്ചില്‍. കോഴിക്കോട് കൂടരഞ്ഞിയിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുഴയില്‍ കുടുങ്ങിയ യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉറുമി പുഴയില്‍ കുളിക്കാനിറങ്ങിയ മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം സ്വദേശികളായ ഇഹ്‌സാന്‍, ബാഹിര്‍, അഫ്‌സല്‍, അക്ബര്‍, മിര്‍സാബ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സുഹൃത്തുക്കളായ ഇവര്‍ ഉറുമി ജലവൈദ്യുത പദ്ധതിക്ക് താഴെ പുഴയില്‍ കുളിക്കാനിറങ്ങിയത്. വൈകുന്നേരത്തോടെ മഴ പെയ്യുകയും മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും ചെയ്തതോടെ ഇവര്‍ പുഴയിലെ പാറക്കെട്ടില്‍ കയറി നില്‍ക്കുകയായിരുന്നു. പുഴയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ യുവാക്കള്‍ ബഹളം വയ്ക്കുകയും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു.

നാട്ടുകാര്‍ ഉടന്‍തന്നെ മുക്കം അഗ്‌നിരക്ഷാസേനയെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അധികൃതരെയും തിരുവമ്പാടി പൊലിസിനെയും വിവരമറിയിച്ചു. വടംകെട്ടി യുവാക്കളെ പുഴയുടെ മറുകരയില്‍ എത്തിച്ച് തിരുവമ്പാടി പഞ്ചായത്തിലെ ഓളിക്കല്‍ വഴി രക്ഷപ്പെടുത്തുകയായിരുന്നു.