കേരളത്തിൽ ഇന്ന് മഴ കനക്കും; മൂന്നിടത്ത് ഓറഞ്ച്, എട്ടിടത്ത് യെല്ലോ അലർട്ട്

rain

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇതോടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ യെല്ലോ അലർട്ടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് യെല്ലോ അലർട്. ആന്ധ്ര - ഒഡിഷ തീരത്തെ ന്യൂനമർദ്ദം കാരണം അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമാണ്. ഇതിനാൽ കേരള തീരത്ത് ആകെ കടലാക്രമണ മുന്നറിയിപ്പുമുണ്ട്. മൽസ്യബന്ധന വിലക്കും നിലനിക്കുകയാണ്.  ഈ മാസം 15 വരെയാണ് മഴ മുന്നറിയിപ്പുകൾ.

ഇടുക്കി, കണ്ണൂർ, കാസ‍‍‍ർകോട് എന്നീ ജില്ലകളിൽ ഇന്ന് ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം.

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മറ്റന്നാളും എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകകോട് ജില്ലകളിൽ ജൂലൈ 15 നും യെല്ലോ അലർട്ടാണുള്ളത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.