കനത്ത മഴ: എന്‍ഡിആര്‍എഫിന്‍റെ ആറ് ടീം സജ്ജം; ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് മന്ത്രി കെ രാജന്‍

k rajan
 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് റവന്യൂമന്ത്രി കെ രാജന്‍ (K Rajan). എന്‍ഡിആര്‍എഫിന്‍റെ (ndrf) ആറ് ടീം തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്ര സേനാ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 27 ക്യാമ്പുകൾ പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

എല്ലാ സ്ഥലത്തും ക്യാമ്പുകൾ ആരംഭിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ സാധ്യതകളുള്ള സ്ഥലങ്ങളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കും അമിതമായ ഭീതി വേണ്ടെന്നും മന്ത്രി അറയിച്ചു. ഇന്നും നാളെയുമായി ഒന്‍പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

എല്ലാ ജില്ലകൾക്കും കൃത്യമായ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് വിധത്തിലുള്ള അപകടങ്ങളേയും നേരിടാൻ സജ്ജമായ തരത്തിൽ വിവിധങ്ങളായ വകുപ്പും ഏജൻസികളും തമ്മിൽ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 622 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

മധ്യ - കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂർണമായും നിരോധിച്ചു. രാത്രി 7 മണിമുതൽ രാവിലെ 7 മണി വരെയാണ് യാത്രാനിരോധനം.
 
ചാലക്കുടി പുഴയിൽ വെള്ളം ഉയരുകയാണ്. ഇതോടെ പുഴയുടെ തീരത്തുള്ള കനാലുകൾ നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുകയാണ്. തീരത്തുള്ള ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി വിടുന്നുണ്ട്. അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ചിമ്മിനി ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. നാല് ഷട്ടറുകളും 7.5 സെന്റീ മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ 5 സെന്റീ മീറ്ററായിരുന്നു ഉയർത്തിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കുർമ്മാലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.