ഗിനിയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ചീഫ് ഓഫീസർ അറസ്റ്റിൽ; നൈജീരിയക്ക് കൈമാറിയേക്കും

ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിന് ഗിനിയില്‍ തടഞ്ഞുവച്ച ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളി ചീഫ് ഓഫീസർ സനു ജോസ് അറസ്റ്റിൽ. എക്വറ്റോറിയൽ ഗിനി നാവികസേനയാണ് സനുവിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ നൈജീരിയക്ക് കൈമാറിയേക്കുമെന്നാണ് വിവരം.
കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് മലയാളി ഓഫിസർ അറസ്റ്റിലായത്.
ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 26 പേരാണുള്ളത്. ഇവരിൽ പതിനാറ് പേർ ഇന്ത്യക്കാരാണ്. കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ അറിയിച്ചിരുന്നു. എക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റാണ് കപ്പൽ കൈമാറുമെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തത്. നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്ന് ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഗിനിയുടെ നീക്കം. കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്.
നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനിയന്‍ നേവി, ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.