പാറമേക്കാവ് പൂരം അമിട്ട് വീണ്ടും പരിശോധിയ്ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

paramekavu pooram amit
തൃശൂര്‍: തൃശൂര്‍ ജില്ലാഭരണകൂടം പിടിച്ചെടുത്ത പാറമേക്കാവ് പൂരം അമിട്ട് വീണ്ടും പരിശോധിയ്ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. അമിട്ടില്‍ നിരോധിത വസ്തുവായ ബേരിയത്തിന്റെ അംശം കണ്ടെന്ന പേരിലായിരുന്നു പിടിച്ചെടുത്തത്. 

കഴിഞ്ഞ തൃശൂര്‍ പൂരത്തിന് വെടിക്കെട്ടിനായി പാറമേക്കാവിൽ  ഒരുക്കിയ അമിട്ടുകള്‍ ജില്ലാ കലക്ടര്‍ പിടിച്ചെടുത്തിരുന്നു. അമിട്ട് പരിശോധിച്ചപ്പോള്‍ നിരോധിത രാസവസ്തുവായ ബേരിയത്തിന്റെ അംശമുണ്ടെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍ ലാബ് റിപ്പോര്‍ട്ടുകളില്‍ അപാകത വന്നിട്ടുണ്ടെന്ന് പാറമേക്കാവ് ദേവസ്വം ജില്ലാ ഭരണകൂടത്തെ ധരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് വീണ്ടും പരിശോധിക്കാന്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. 

പക്ഷേ, നിരോധിത രാസവസ്തുവിന്റെ സാന്നിധ്യമുള്ളതിനാല്‍ അമിട്ടുകള്‍ വിട്ടുതരാന്‍ കഴിയില്ലെന്ന് ജില്ലാഭരണകൂടം നിലപാടെടുത്തു. കേസെടുക്കുമെന്നും ദേവസ്വത്തെ അറിയിക്കുകയും ചെയിതു.ഇതിനു പിന്നാലെയാണ് പാറമേക്കാവ് വെടിക്കെട്ട് കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത അമിട്ടുകള്‍ വീണ്ടും ലാബില്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഏഴു ദിവസത്തിനകം വീണ്ടും പരിശോധന നടത്തി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.