കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

rain
 

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം- തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ- ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട- ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് നാലിന് കളക്ടർ ദിവ്യ എസ്. അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

ഇടുക്കി- ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

 
തീവ്രത കുറയുമെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസർ​ഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്നും ‌12 ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടുണ്ട്. കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരാൻ കാരണം.
 

മലയോരമേഖലയിൽ അപകടസാധ്യത നിലനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രത വേണം. കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ കർശനവിലക്കും തുടരുകയാണ്. മഴക്കെടുതികൾ രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുറന്നു.