വീട്ടമ്മയുടെ മൃതദേഹം അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി

8dt

ഇടുക്കി; പണിക്കൻകുടിയിൽ വീട്ടമ്മയുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കേസിൽ ഒളിവിൽ പോയ ബിനോയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മരിച്ച സിന്ധുവിന്‍റെ മൃതദേഹം ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇന്ന് പുറത്തെടുക്കും.

ഇടുക്കിയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഇന്നലെയാണ് അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മരിച്ച സിന്ധുവിന്റെ ഇളയ മകന്റെ മൊഴിയുടെ അടിസ്ഥാത്തിലാണ് അയല്‍വാസി ബിനോയിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. അടുക്കളയില്‍ മണ്ണിളകി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ പരിശോധന നടത്തിയത്.

പ്രതി ബിനോയ് തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. വാടക വീട്ടില്‍ മകനൊപ്പമായിരുന്നു സിന്ധു താമസിച്ചിരുന്നത്. ബിനോയിയുടെ ഫോണ്‍ കോളുകളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.