മെസിയുടെ കിരീടധാരണം എത്രമാത്രം സുന്ദരം; അർജനീന്റീനയുടെ വിജയത്തിമിർപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും

Pinarayi vijayan

കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിൽ അർജന്റീന നേടിയ വിജയം ആഘോഷിച്ച് ലോകം. ഈ ആഘോഷത്തിൽ പങ്കുചേർന്നിരിക്കുകയാണ് കേരളത്തിന്റെ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയൻ. മാരക്കാനയില്‍ മെസി കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തിയതിന്റെ ആവേശം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അറിയിച്ചത്. മെസിയുടെ കിരീടധാരണം എത്രമാത്രം സുന്ദരം എന്നാണ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

മാരക്കാനയില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിനെ അര്‍ജന്റീന കീഴടക്കി കിരീടത്തില്‍ മുത്തമിട്ടത്. 21ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലൂടെയാണ് അർജന്റീനയുടെ വിജയം.  

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്. അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബോൾ ആരാധകരുടെ സന്തോഷത്തിൽ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു.