കേസ് ഒത്തുതീര്‍ക്കണമെന്ന് പറഞ്ഞിട്ടില്ല', എകെ ശശീന്ദ്രനെ ന്യായീകരിച്ച് പിസി ചാക്കോ

pc chacko

തിരുവനന്തപുരം: കുണ്ടറയിലെ പീഡന പരാതി വിവാദത്തില്‍ മന്ത്രി എകെ ശശീന്ദ്രനെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. ശശീന്ദ്രന്‍ ഫോണ്‍ ചെയ്തത് പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കാനാണെന്നും കേസ് ഒത്തുതീര്‍ക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും പി സി ചാക്കോ പറഞ്ഞു. മന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.  ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്‌നം തീരുമെന്നായിരുന്നു നേതാക്കള്‍ പറഞ്ഞതെന്നും പി സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, പീഡനപരാതി ഒതുക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ തുടരുന്നതിനിടെ എന്‍സിപി നേതാവും വനം മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ തലസ്ഥാനത്ത് എത്തിയ മന്ത്രി ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് മാസം തികയും മുമ്പെ ഒത്തു തീര്‍പ്പ് വിവാദത്തില്‍ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമോ എന്ന ചര്‍ച്ച തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.