'കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ യുഡിഎഫ് തോറ്റുകൊടുക്കില്ല'; വി ഡി സതീശൻ

 v d satheeshan

തിരുവനന്തപുരം: കെ റെയിലിൻ്റെ സർവേകല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുപോലുള്ള കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ യുഡിഎഫ് തോറ്റുകൊടുക്കില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണണ് സിപിഐഎമ്മിൻ്റെ പ്രധാന പണിയെന്നും  അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നും അദ്ദേഹം പറഞ്ഞു.

അതുവച്ച് ഞങ്ങളെ വിരട്ടാന്‍ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടിയാണ് യുഡിഎഫ് സമരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുമാണ് കെ റെയിലിന് ഇരകളാകാന്‍ പോകുന്നത്. സംസ്ഥാനത്തിനുണ്ടാകുന്ന പാരിസ്ഥിതിക-സാമൂഹിക ആഘാതവും സാമ്പത്തികമായുണ്ടാകുന്ന പ്രശ്‌നങ്ങളും കേരളത്തിൻ്റെ  നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രശ്‌നങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം കോവിഡിൻ്റെ മറവിൽ സർക്കാർ നടത്തിയ കോടികളുടെ അഴിമതി അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. നിയമപരമായ ഒരു നടപടിക്രമങ്ങളും പാലിക്കാതെ 1600 കോടി രൂപയുടെ പര്‍ച്ചേസാണ് കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയത്. ഇതിലെല്ലാം വ്യാപകമായ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

550 രൂപ വിലയുള്ള പിപിഇ കിറ്റ് 1600 രൂപയ്ക്കാണ് വാങ്ങിയത്. മൂന്നിരട്ടി വില കൊടുത്തിട്ടും ഗുണനിലവാരമില്ലാത്ത കിറ്റുകളാണ് വാങ്ങിയത്. ഒരു കോടി ഗ്ലൗസുകള്‍ വാങ്ങിയതിലും അഴിമതി നടത്തിയിട്ടുണ്ട്. അഴിമതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ മൂവായിരത്തിലധികം കമ്പ്യൂട്ടര്‍ ഫയലുകളും അഞ്ഞൂറിലധികം പേപ്പര്‍ ഫയലുകളും നശിപ്പിച്ചു. ആരോഗ്യവകുപ്പില്‍ നിന്നും അഞ്ഞൂറു ഫയലുകള്‍ കാണാതായി. രാഷ്ട്രീയ നേതൃത്വത്തിൻ്റെ അറിവോടെയാണ് അഴിമതി നടന്നതെന്നും വി ഡി സതീശൻ പറഞ്ഞു.