ഐ.ജി ലക്ഷ്മണയുടെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി

IG lakshmana suspension extended
 

തിരുവനന്തപുരം: ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ. ആറ് മാസം കൂടി സസ്‌പെൻഷൻ തുടരും. ചീഫ് സെക്രട്ടറി തല അവലോകന യോഗത്തിലാണ് തീരുമാനം. ക്രൈംബ്രാഞ്ച് വകുപ്പ് തല അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ശുപാർശ.

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്പെന്‍റ് ചെയ്തത്. സസ്പെൻഷൻ കാലാവധി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് വീണ്ടും അവലോകന സമിതി ചേര്‍ന്നത്. സസ്പെൻഷൻ കാലാവധി നാല് മാസം കൂടി നീട്ടാൻ അവലോകന സമിതി തീരുമാനിക്കുകയായിരുന്നു. 

ലക്ഷ്മണയ്ക്കെതിരെയുള്ള ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണവും വകുപ്പ് തല അന്വേഷണവും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ നീട്ടിയത്. മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഐജി ലക്ഷ്മണനെ കഴിഞ്ഞ വർഷം നവംബർ 10 സർക്കാർ സസ്പെന്‍റ് ചെയ്തത്. 

തട്ടിപ്പ് കേസിൽ ഉന്നത ഉദ്യോഗസ്ഥന് മോൻസനുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്ത് കൊണ്ട് പ്രതി ചേർത്തില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. തട്ടിപ്പ് കേസിൽ പ്രതി ചേർക്കാൻ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ റിപ്പോർട്ട് തള്ളി, സസ്പെൻഷൻ തുടരാൻ ഉന്നത സമതി തീരുമാനിക്കുകയായിരുന്നു. 

നേരത്തെ മോൺസൺ മാവുങ്കലുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഇവരുടെ ചിത്രങ്ങൾ പലതും പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ലക്ഷ്മണയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മോൺസണ് എതിരെ ആലപ്പുഴ എസ്.പി നടത്തിയ അന്വേഷണത്തിലും ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വകുപ്പുതല അന്വേഷണം ഉണ്ടായിരുന്നു.