സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും.
ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.അതേ സമയംഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടർന്നേക്കും.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥവകുപ്പ് മുന്നറിയിപ്പ്.
മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ ഈ തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
അതേസമയം കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.