ഇമ്രാന്റെ ചികിത്സയ്ക്ക് വേണ്ടത് 18 കോടി; ക്രൗഡ് ഫണ്ടിംഗ് തുടരാമെന്ന് ഹൈക്കോടതി

 grs

കൊച്ചി: സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാടറിയിച്ചത്.

കുട്ടിയുടെ അച്ഛനും പെരിന്തൽമണ്ണ സ്വദേശിയുമായ ആരിഫ് ആണ് ഹർജി നൽകിയത്.18 കോടി രൂപ വില വരുന്ന മരുന്നു നല്‍കുകയല്ലാതെ മകന്‍റെ ജീവൻ രക്ഷിക്കാൻ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹർജിയിൽ പറയുന്നത്.എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നൽകാനാകുമോ എന്ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കുട്ടിക്ക് മരുന്ന് വാങ്ങാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

അമേരിക്കയില്‍ നിന്ന് എത്തിക്കാനുള്ള മരുന്ന് വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയ്ക്ക് നല്‍കാനാകുമോ എന്നാണ് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കേണ്ടത്. മെഡിക്കല്‍ ബോര്‍ഡിലേക്കുള്ള വിദഗ്ദരുടെ പേരുകള്‍ നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.