കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ല; മുഖ്യമന്ത്രി എന്ത് പറഞ്ഞാലും പ്രതികരിക്കാനില്ലെന്നും സാബു ജേക്കബ്​

sabu m jacob

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് പറഞ്ഞാലും  പ്രതികരിക്കില്ലെന്ന് കിറ്റക്​സ്​ ഗ്രൂപ്പ്​ ചെയർമാൻ സാബു ജേക്കബ്​. മുഖ്യമന്ത്രിക്ക് തന്നെ​ ശാസിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം തെലങ്കാനയിൽ നിന്ന് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കാൻ ആഗ്രഹിക്കുന്നില്ല. സർക്കാറുമായി ഇനിയും ചർച്ച​ക്ക്​ തയാറാണ്​ എന്നും അദ്ദേഹം പറഞ്ഞു.

ബിസിനസിനാവശ്യമായ ഭീമമായ തുക തെലങ്കാനയിൽ നിക്ഷേപിക്കും. ആയിരം കോടിയുടെ നിക്ഷേപമാവും ആദ്യഘട്ടത്തിൽ നടത്തുക. തെലങ്കാന സർക്കാറുമായി വൈകാതെ കരാറുണ്ടാക്കും. രണ്ട്​ വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കും. തെലങ്കാനയിൽ ജോലി തേടി എത്ര മലയാളികൾ വന്നാലും അവർക്ക്​ ജോലി നൽകുമെന്നും സാബു പറഞ്ഞു.

രാഷ്​ട്രീയത്തെ കുറിച്ച്​ ഇപ്പോൾ പ്രതികരിക്കാനില്ല. അത്തരമൊരു വേദിയിൽ അതിനെ കുറിച്ച്​ പ്രതികരിക്കും. കേരളത്തിൽ 15,000ത്തോളം പേർക്ക്​ ​തൊഴിൽ നൽകാനായതിൽ അഭിമാനമുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.