കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ പദ്ധതികൾ ആസൂത്രണം ചെയ്യണം: മന്ത്രി പി. പ്രസാദ്

H
എറണാകുളം; കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ്. കർഷകർക്കനുകൂലമായ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പടെ മുഴുവൻ ആളുകളെയും കൃഷിയിൽ ഉൾപ്പെടുത്തി കാർഷിക മേഖല വിപുലപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാ തല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

കൂടുതൽ സമയവും കൃഷിയിടങ്ങളിൽ നിൽക്കുന്ന ഉദ്യോഗസ്ഥരാണ് വേണ്ടത്. കർഷകനുള്ള സഹായം കൃഷിയിടങ്ങളിൽ ലഭിക്കണം. വനമേഖലയിലും ചേർന്നുള്ള കൃഷിയിടങ്ങളിലും വന്യജീവി ആക്രമണം സംബന്ധിച്ച കാര്യങ്ങൾ പഠന വിഷയമാക്കേണ്ടതാണ്. ഗൗരവകരമായ ഇടപെടൽ പ്രശ്നത്തിൽ നടത്തും. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം നഷ്ടം അനുഭവിക്കുന്ന കർഷകർക്ക് വന്യജീവികളുടെ ആക്രമണം മൂലമുള്ള കൃഷി നാശവും താങ്ങാൻ കഴിയുന്നതല്ല. പ്രശ്നത്തിൽ വിശദമായ ചർച്ചകൾ നടത്തി കർഷകർക്കനുകൂലമായ തീരുമാനം കൈകൊള്ളുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.