വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan

തിരുവനന്തപുരം: വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതിനു പിന്നാലെ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഷത്തിലധികം നീണ്ട കർഷകരുടെ പ്രതിഷേധ സമരങ്ങൾക്ക് പിന്നാലെയാണ് നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു എന്നും മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു.

ഇന്ന് രാവിലെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും.