മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയ സംഭവം; സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ വൻ സന്നാഹങ്ങൾ; പ്രത്യേക മുറിയിൽ 3 പേർ മാത്രം; സൂക്ഷ്മ ചലനങ്ങൾ ഒപ്പിയെടുക്കും
കോഴിക്കോട് ∙ മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കാത്ത് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറി (Police Interrogation Room). ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ ശീതീകരിച്ച മുറിയിലുണ്ട്.
180 ഡിഗ്രി 4 ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങൾ, റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ സജ്ജീകരിച്ചിട്ടുള്ളത്. സീനിയർ പൊലീസ് ഓഫിസർക്കാണ് ഓപ്പറേറ്റിങ്ങ് ചുമതല. പ്രതിപ്പട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണു മുറിക്കുള്ളിലുണ്ടാവുക. മുറിയിൽനിന്നു പുറത്തേക്കു കാഴ്ചയുണ്ട്. എന്നാൽ അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാകില്ല.
read also മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും
വിവാദ സംഭവങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പൊലീസ് സംവിധാനമാണിത്. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധിൽ നടക്കാവ് സ്റ്റേഷനിൽ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. വന്ദേ ഭാരത് ട്രെയിനിൽ കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തുടർന്ന് സ്‌റ്റേഷനിൽ എത്തുമെന്നാണു വിവരം. നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ചാണു സുരേഷ് ഗോപിക്കു നോട്ടിസ് നൽകിയിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു